പുതിയ സിനിമാ പാട്ടുകളിലെ വരികള്‍ക്കിടയില്‍ സംഭാഷണശകലങ്ങള്‍ കലര്‍ത്തുന്ന രീതിയ്‌ക്കെതിരെ ഗായകന്‍ പി ജയചന്ദ്രന്‍. ഈ പ്രവണത പാട്ടുകളുടെ പ്രശസ്തിയെ ദോഷകരമായി ബാധിക്കുമെന്നും അവയ്ക്ക് വേണ്ട ശ്രദ്ധ ലഭിക്കാതെ പോകുമെന്നും “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ശ്രദ്ധിച്ചാലറിയാം പുറത്തിറങ്ങുന്ന മിക്ക പാട്ടുകളിലും ആദ്യ നാലു വരികള്‍ കഴിഞ്ഞാല്‍ പിന്നെ സംഭാഷണങ്ങളാണ്. പല ഭാഗങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഈ ഗാനങ്ങളെത്തുന്നത്. അതിനാല്‍ പല പാട്ടുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ഈ പ്രവണത നല്ലതാണെന്നു തോന്നിയിട്ടില്ല. പാട്ടുകളുടെ പ്രശസ്തിയെ ഇതു ബാധിക്കുന്നുണ്ട്. ഈയിടെ പാടിയ പല പാട്ടുകളിലും ഈ പ്രവണത കാണുന്നുണ്ടെന്നും എന്നാല്‍ “ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍” എന്ന ഈ പുതിയ ചിത്രത്തില്‍ അതില്ലെന്നും ഗാനങ്ങള്‍ മുഴുവനായി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.
Read more
ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടന്‍ ദിലീപ് മുഖ്യാതിഥിയായിരുന്നു. ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ്. സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. പുതുമുഖമായ അഖില്‍ പ്രഭാകര്‍ ആണ് ചിത്രത്തിലെ നായകന്‍. സോനു, ശിവകാമി എന്നിവര്‍ നായികമാരായെത്തുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, സുബി, നോബി, ദിനേശ് പണിക്കര്‍, ഹരീഷ് കണാരന്‍ എന്നിവരും അഭിനയിക്കുന്നു. ജൂലൈ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും.