‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രി പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെ മലയാള സിനിമയെ പ്രശംസിച്ച് സംവിധായിക പായൽ കപാഡിയ. വൈവിധ്യമാർന്ന സിനിമകൾ മലയാളത്തിൽ സംഭവിക്കുന്നുണ്ടെന്നും ആർട്ട് ഹൗസ് ചിത്രങ്ങൾക്ക് പോലും വിതരണം ലഭിക്കുന്നുണ്ടെന്നും പറഞ്ഞ പായൽ കപാഡിയ കേരളത്തിലെ പ്രേക്ഷകർ വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ തയ്യാറാണെന്നും കൂട്ടിചേർത്തു.
“വെെവിധ്യമാർന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട്. അവിടെ ആര്‍ട്ട് ഹൗസ് ചിത്രങ്ങൾക്കുപോലും ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇങ്ങനെ സംഭവിക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ തയ്യാറാണ്.” എന്നാണ് കാനിലെ പ്രസ് മീറ്റിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ പായൽ കപാഡിയ പറഞ്ഞത്.
Payal kapadia talking about malayalam cinema at cannes. #cannes2024 pic.twitter.com/bG4Jy9u4fn
— аshwiи (@Dwight_Sschrute) May 26, 2024
മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെന്നതും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടം കൂടിയാണ്. ഗ്രേറ്റ ഗെർവിഗ്, ഇബ്രു സെയ്ലാൻ, ഇവ ഗ്രീൻ, നദീൻ ലബാക്കി, ഹിറോകാസു കൊറീ ഇഡ, ലില്ലി ഗ്ലാഡ്സ്റ്റൺ തുടങ്ങീ ലോക സിനിമയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
സീൻ ബെക്കർ സംവിധാനം ചെയ്ത ‘അനോറ’ എന്ന ചിത്രമാണ് ഗോൾഡൻ പാം സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാൻഡ് ടൂർ എന്ന ചിത്രത്തിലൂടെ മിഗ്വേൽ ഗോമസാണ് ഇത്തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.
യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ലോകോത്തര ഫിലിംമേക്കേഴ്സിന്റെ ചിത്രങ്ങളെ പുറംന്തള്ളിയാണ് പായൽ കപാഡിയയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായൽ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രം മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റുവാങ്ങിയിരുന്നു.