ആടുജീവിതമോ? ലൂസിഫറോ?; പൃഥ്വിരാജിന് പറയാനുള്ളത്

2018ല്‍ ഏവരും കാത്തിരിക്കുന്ന രണ്ടു മെഗാ സിനിമകളാണ് “ലൂസിഫറും” “ആടുജീവിത”വും. ഈ രണ്ടു സിനിമകള്‍ക്ക് പിന്നിലുള്ള ഒരു പ്രധാന പേരാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ ചിത്രമായ “ലൂസിഫറി”ലൂടെ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന പൃഥ്വി, ബ്ലെസ്സി ഒരു വലിയ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ “ആടുജീവിത”ത്തിലെ നായക കഥാപാത്രമായും എത്തുന്നുണ്ട്.

ഇതില്‍ ഏത് പ്രോജക്ട് ആകും ആദ്യം തുടങ്ങുക? ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി അതിനുള്ള ഉത്തരം നല്‍കുന്നു..

“ആടുജീവിത”ത്തിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് വേണ്ടി എന്നോട് അല്പം ശരീരഭാരം കൂട്ടാന്‍ ബ്ലെസ്സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞാന്‍ അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അതിനു ശേഷം ഞാന്‍ ലൂസിഫറിന്റെ ജോലികളിലേക്ക് കടക്കും. അതിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായാല്‍ ഞാന്‍ “ആടുജീവിത”ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും.””

“ലൂസിഫറി”ന്റെ തിരക്കഥ രചന പുരോഗമിക്കുകയാണ്. മേയ് അവസാനമോ ജൂണ്‍ ആദ്യമോ “ലൂസിഫറി”ന്റെ ചിത്രീകരണം ആരംഭിക്കും.”- പൃഥ്വി കൂട്ടിച്ചേര്‍ക്കുന്നു.