ഷൂട്ടിംഗിനിടെ ആ ഡയലോഗ് പറഞ്ഞപ്പോള്‍ തെറ്റായി തോന്നിയില്ല, അതുകൊണ്ടാണ് മാപ്പ് പറഞ്ഞത്: പൃഥ്വിരാജ്

എതിര്‍ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കാന്‍ കഴിയില്ലെന്ന് പൃഥ്വിരാജ്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാന്‍ സാധിക്കില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. ‘കാപ്പ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിലാണ് താരം സംസാരിച്ചത്.

എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാന്‍ സാധിക്കില്ല. ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താനു’മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘കടുവ’യിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.

പക്ഷെ, ഷൂട്ടിംഗിന്റെ സമയത്ത് ആ ഡയലോഗ് പറഞ്ഞപ്പോള്‍ അത് തെറ്റാണെന്ന് തോന്നിയിരുന്നില്ല. അങ്ങനെ തോന്നാതിരുന്നതിന് മാത്രമാണ് ക്ഷമ പറഞ്ഞത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എതിര്‍ അഭിപ്രായങ്ങള്‍ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തനും പറഞ്ഞു.

ഡിസംബര്‍ 22ന് ആണ് കാപ്പ തിയേറ്ററുകളിലേക്ക് എത്തുന്നത്. കടുവ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കോംമ്പോയില്‍ എത്തുന്ന ചിത്രമാണ് കാപ്പ. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.