അന്ന് പൃഥ്വിരാജിന് റൂം കൊടുത്തിടത്തല്ല ടൊവിനോയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയത്, ബിസിനസ് വാല്യു ലഭിക്കുന്നതോടെ അവര്‍ക്ക് സ്ഥാനങ്ങളും ലഭിക്കും: നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍

ജിസ്യ പാലോറാന്‍

മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. സിനിമകള്‍ ചെയ്ത് നടന് ബിസിനസ് വാല്യു ഉണ്ടാകുമ്പോഴാണ് അവര്‍ക്ക് സിനിമയില്‍ സ്ഥാനങ്ങള്‍ ലഭിക്കുക എന്നാണ് നടന്‍ നീരജ് മാധവ് ഉന്നയിച്ച പ്രശ്‌നങ്ങളില്‍ നിര്‍മ്മാതാവ് സൗത്ത്‌ലൈവിനോട് പ്രതികരിച്ചത്.

ഏത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്ന് നീരജ് മാധവിന് തുറന്നു പറയാം. ഇയാളാണ് എന്നോട് ഇങ്ങനെ പറഞ്ഞത് എന്ന് നീരജിന് വ്യക്തമാക്കല്ലോ. തുറന്നു പറഞ്ഞാലാണ് ആ പ്രശ്‌നം തീര്‍പ്പാക്കാന്‍ സാധിക്കുക. അല്ലെങ്കില്‍ ഫെഫ്ക എങ്ങനെ നടപടി എടുക്കും. പുതുമുഖങ്ങള്‍ സിനിമകള്‍ ചെയ്ത് ബിസിനസ് വാല്യു ആകുമ്പോഴാണ് അവര്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കുന്നത്.

സെവന്‍ത് ഡേ സിനിമയുടെ സമയത്ത് അന്ന് പൃഥ്വിരാജ് താമസിക്കുന്ന ഹോട്ടലില്ല നടന്‍ ടൊവിനോയ്ക്ക് റൂം കൊടുത്തത്. അന്ന് ടൊവിനോ സിനിമയില്‍ കയറി വരുന്ന ഒരാളായിരുന്നു. എന്നാല്‍ ഇന്ന് പൃഥ്വിയുടെ പടത്തില്‍ ടൊവിനോ അഭിനയിച്ചാല്‍ ഒരു പോലെ തന്നെയാണ് സൗകര്യങ്ങളൊരുക്കുക. ഇപ്പോള്‍ ടൊവിനോയ്ക്ക് സാറ്റലൈറ്റ് വാല്യു ഉണ്ട്.

നടന്‍മാരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ പടം കാണാന്‍ തിക്കി തിരക്കി എത്തുന്ന പ്രേക്ഷകരാണ് അവരെ സ്റ്റാര്‍ ആക്കുന്നത്. അടി കപ്യാരെ കൂട്ടമണി സിനിമ എടുത്തപ്പോ നീരജ്, അജു, ധ്യാന്‍ എന്നിവര്‍ക്ക് ഒരേ സൗകര്യങ്ങളാണ് ഒരുക്കിയത്. നീരജ് ദൃശ്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുള്ള സൗകര്യങ്ങളല്ല അടി കപ്യാരെ കൂട്ടമണിക്ക് എത്തിയപ്പോള്‍ നല്‍കിയത്. നൂറു ശതമാനം കൂടുതലാണ്.

അവര്‍ക്ക് ഓഡിയന്‍സും സാറ്റലൈറ്റ് വാല്യു കൂടുമ്പോള്‍ സൗകര്യങ്ങളും ലഭിക്കും. കഴിവും പെരുമാറ്റവുമാണ് ഒരു നടന്റെ വളര്‍ച്ചയ്ക്ക് കാരണമാവുക. കൃത്യനിഷ്ഠതയോടെ കഥ കേള്‍ക്കുക. ഓരോ ആര്‍ട്ടിസ്റ്റിനെയും വിളിക്കുന്നത് അവരില്‍ നിന്നും കാശ് വാങ്ങാനല്ല. അവര്‍ക്ക് കാശ് കിട്ടുന്ന കാര്യത്തിനാണ്. എന്നാല്‍ പുതുമുഖങ്ങളെ നൂറ് തവണ വിളിച്ചാലോ മെസേജ് അയച്ചാലോ അവര്‍ പ്രതികരിക്കില്ല. അവര്‍ക്ക് താത്പര്യമില്ലെന്ന് അറിയിക്കാം.

സുരേഷ് ഗോപി പോലും കോള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ച് വിളിച്ച് അന്വേഷിക്കും. ജയസൂര്യ വളരെ കഷ്ടപ്പെട്ട് എത്തിയാളാണ്. എന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്. അവരൊന്നും ഇത്തരത്തില്‍ പറയുന്നില്ലല്ലൊ. പുതുതായി വരുന്നവര്‍ ഇത് കണ്ടു പഠിക്കേണ്ടതാണ് എന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി.