'ചില കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല, അവ അനുഭവിച്ചു തന്നെ അറിയണം'; പിറന്നാള്‍ ദിനത്തില്‍ വേറിട്ട കുറിപ്പുമായി സാധിക

മുപ്പത്തിയഞ്ചാം ജന്മദിനത്തില്‍ വ്യത്യസ്തമായ കുറിപ്പ് പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. 35 വയസ് ആയെങ്കിലും പതിനേഴ് വര്‍ഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് താന്‍ ഇപ്പോഴും എന്നാണ് സാധിക പറയുന്നത്. ജീവിതത്തില്‍ ഇനിയും എന്തും നേരിടാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞു കൊണ്ടാണ് സാധികയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്.

സാധികയുടെ കുറിപ്പ്:

ജീവിതം അനുഭവങ്ങളുടെ ഒരു പരമ്പരയാണ്, അവ ഓരോന്നുമാണ് നമ്മെ വളര്‍ത്തുന്നത് നാം അത് തിരിച്ചറിയുന്നില്ലെങ്കിലും. നമ്മള്‍ നേരിടുന്ന തിരിച്ചടികളും സങ്കടങ്ങളും മുന്നോട്ടുള്ള യാത്രയില്‍ നമ്മെ സഹായിക്കുമെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അനുഭവങ്ങള്‍ പരമാവധി ആസ്വദിച്ച് ജീവിക്കുകയും പുതിയതും സമ്പന്നവുമായ അനുഭവങ്ങള്‍ക്കായി ആകാംക്ഷയോടെയും ഭയമില്ലാതെയും കാത്തിരിക്കുകയുമാണ് ജീവിതത്തിന്റെ ലക്ഷ്യം.

വാരിക്കൂട്ടിയ സാധനങ്ങളല്ല അനുഭവങ്ങള്‍ കൊണ്ട് നിങ്ങളുടെ ജീവിതം നിറയ്ക്കുക. കാണിക്കാനല്ല പറയാനായി നിറയെ കഥകള്‍ സ്വരുക്കൂട്ടുക. നമ്മുടെ അനുഭവങ്ങള്‍, നല്ലതോ ചീത്തയോ ആകട്ടെ, അവ അമൂല്യമായ സമ്പത്താണ്. ചില കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയില്ല, അവ അനുഭവിച്ചു തന്നെ അറിയണം. നിങ്ങളുടെ സ്വന്തം യാത്രയിലൂടെ കടന്നു പോകുന്നത് വരെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ പാഠങ്ങള്‍ നിങ്ങള്‍ ഒരിക്കലും പഠിക്കില്ല.

എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. നല്ലതോ ചീത്തയോ എന്തുമാകട്ടെ അതെല്ലാം ഒരു അനുഭവമാണ്. എന്റെ ജീവിതം പല തരത്തില്‍ അനുഭവിക്കാന്‍ ഇത്രയും മികച്ച അവസരങ്ങള്‍ ഒരുക്കിത്തന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ നിങ്ങളുടെ പരീക്ഷണങ്ങള്‍ തുടരുക, കാരണം ഇനിയും പലതും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.

എനിക്ക് 35 വയസ്സായെന്നല്ല 17 വര്‍ഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ നല്‍കിയ എല്ലാ മനോഹരമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വളരെ നന്ദി.

View this post on Instagram

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

Read more