പ്രചരിച്ചത് ഊഹാപോഹങ്ങള്‍, എങ്കിലും ആ അവസ്ഥയില്‍ ഉള്ളയാള്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ പാടില്ലായിരുന്നു: സാജന്‍ സൂര്യ

നടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലില്‍ ഇന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മുക്തരായിട്ടില്ല. 45ാം വയസിലാണ് ഹൃദയാഘതത്തെ തുടര്‍ന്ന് ശബരീനാഥ് അന്തരിച്ചത്. ബാഡ്മിന്റണ്‍ കളിച്ചു കൊണ്ടിരിക്കവെ ആയിരുന്നു താരത്തിന്റെ മരണം. എന്നാല്‍ ശബരിയുടെ മരണത്തിന് ശേഷം പ്രചരിച്ച ഊഹാപോഹങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ സാജന്‍ സൂര്യ.

ശബരിയുടെ മരണത്തിന് ശേഷം നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയുണ്ടായി. ചിലര്‍ ആരോഗ്യസംരക്ഷണത്തിലൊന്നും കാര്യമില്ലെന്നായി. മറ്റു ചിലര്‍ ബാഡ്മിന്റണ്‍ കളിച്ചതു കൊണ്ടാണ് മരിച്ചതെന്നായി. വേറെയും പല കഥകള്‍ പ്രചരിച്ചു. എന്നാല്‍ ശബരിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് സാജന്‍ സൂര്യ മനോരമ ഓണ്‍ലൈനോട് പറയുന്നത്.

ഓഗസ്റ്റില്‍ ചെക്കപ്പ് പറഞ്ഞിരുന്നു. പുറമേയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാലും കോവിഡ് വ്യാപനം രൂക്ഷമായതിനാലും സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്നാണ് കരുതിയത്. എന്നാല്‍ അകത്ത് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിന് മുമ്പ് അവന്‍ പോയി എന്ന് സാജന്‍ പറയുന്നു.

Read more

ഈ അവസ്ഥയില്‍ ഉള്ളയാള്‍ ബാഡ്മിന്റന്‍ കളിക്കാന്‍ പാടില്ലായിരുന്നു. അല്ലാതെ ബാഡ്മിന്റന്‍ കളിച്ചതു കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണ്. പിന്നെ ആരോഗ്യം സംരക്ഷിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല എന്നു പറയുന്നതിന്റെ യുക്തിയും മനസ്സിലാകുന്നില്ല എന്നും സാജന്‍ പറഞ്ഞു.