ബിരിയാണി സിനിമയുടെ പൈറേറ്റഡ് കോപ്പി പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു രംഗത്തെത്തിയിരുന്നു. തന്റെ ഗൂഗിള്‍ പേ നമ്പറും ഐഡിയും പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ബിരിയാണി ടെലഗ്രാമിലൂടെ കണ്ട് പണം അയച്ചു തരാമെന്ന് ആവശ്യപ്പെട്ട് വരുന്ന മെസേജുകള്‍ക്ക് എല്ലാം മറുപടി നല്‍കാന്‍ സാധിക്കില്ല. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. സര്‍ക്കാരോ നിയമസംവിധാനമോ ഇടപെടുന്നതിനപ്പുറം നാം തിരിച്ചറിയുന്നത് വരെ ഇത് തുടരും എന്ന് സജിന്‍ ബാബു കുറിച്ചു.
സജിന്‍ ബാബുവിന്റെ കുറിപ്പ്:
“ബിരിയാണി” കേവ് ഇന്ത്യാ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ നിങ്ങളിലേക്ക് എത്തിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. സംവിധായകനെന്ന നിലയില്‍ തീര്‍ത്തും ആഹ്ലാദകരമായ അനുഭവമാണ് ബിരിയാണി സമ്മാനിച്ചത്. തിയേറ്ററുകളില്‍ പല കാരണങ്ങള്‍ കൊണ്ട് വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയ ചിത്രമായിരുന്നു ബിരിയാണി.. കേരളത്തിലെ പന്ത്രണ്ടോളം, തിയറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കുകയും, കാണാന്‍ ചെന്നവരെ ടിക്കറ്റ് കൊടുക്കാതെ മടക്കി അയക്കുകയും, ഒരു സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡായി ചിലര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതുള്‍പ്പടെ കൂടുതല്‍ കാരണങ്ങള്‍ മുമ്പ് പറഞ്ഞിട്ടുള്ളത് കൊണ്ട് ഇപ്പോള്‍ വിശദീകരിക്കേണ്ടതുമില്ലല്ലോ.
എങ്കിലും പുതിയൊരു പ്ലാറ്റ്ഫോമിലൂടെ ചിത്രം കാഴ്ചക്കാരിലേക്കെത്തുമ്പോള്‍ ചില ആശങ്കകള്‍ ഒപ്പം ഉണ്ടായിരുന്നു. അതില്‍ ചിലത് ഇപ്പോഴും നിലനില്‍ക്കുകയും, ചിലത് ഇല്ലാതായിരിക്കുകയുമാണ്. ബിരിയാണി കേരളത്തില്‍ വലിയ ചര്‍ച്ചയായതിലാണ് ഏറെ സന്തോഷം. എത്ര പുരസ്‌കാരങ്ങള്‍ നേടിയാലും, അവയൊരു ജൂറിയുടെ തീരുമാനമാണ് എന്നിരിക്കേ, കാണികള്‍ വ്യാപകമായി ഒരു സിനിമ ചര്‍ച്ച ചെയ്തു കാണുമ്പോഴാണ് ഒരു സംവിധായകനും, എഴുത്തുകാരനുമെന്ന നിലയില്‍ ശരിയായ അഹ്ളാദം ലഭിക്കുന്നതെന്നത് ബിരിയാണി എന്നെ സ്വയം ബോധ്യപ്പെടുത്തി.
ചിത്രത്തെയും അതിന് പിന്നിലെ പരിശ്രമത്തേയും അങ്ങേയറ്റം പ്രകീര്‍ത്തിച്ചവരുണ്ട്. ഏറ്റവും തീവ്രമായി സിനിമയെ വിമര്‍ശിച്ചവരുണ്ട്. ഇരുകൂട്ടരും കാഴ്ചയിലൂടെയും സംവാദത്തിലൂടെയും പൂര്‍ണമാകുന്ന സാംസ്‌ക്കാരികവിനിമയത്തിന്റെ ഇരുവശങ്ങളാണ്. നന്ദി… ഖദീജ എന്ന സ്ത്രീയെ നിങ്ങള്‍ക്ക് മുന്നിലേക്ക് നീക്കിനിര്‍ത്തുക മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്…. ഇനി ആശങ്കയിലേക്ക് വരാം. വ്യക്തിപരമായ വലിയ സംഘര്‍ഷങ്ങളിലും പ്രയത്നങ്ങളിലും പൂര്‍ത്തിയായ സിനിമ ആയിരുന്നു ബിരിയാണി. ഇനിയും ടാലി ആവാത്ത സാമ്പത്തിക ബാധ്യതകളുള്‍പ്പെടെ ചിത്രത്തിനുണ്ട്..
കാഴ്ചക്കാര്‍ക്ക് നല്ലതോ, ചീത്തയോ ആവട്ടെ, കലയുടെയും ചിന്തയുടെയും പ്രകാശനങ്ങളാവുന്ന സ്വതന്ത്ര സിനിമകള്‍ ഇവിടെ ഉണ്ടാവണമെന്ന കാര്യത്തില്‍ ആരും വിയോജിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.. എന്നാല്‍ അത് എത്രമാത്രം ഇനിയുള്ള കാലത്ത് സാധ്യമാവുമെന്നറിയില്ല. ബിരിയാണിയുടെ അനുഭവം തന്നെ നോക്കൂ. ചിത്രം കേവില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ടെലഗ്രാമിലും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളിലുമായി ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു. ഒരു ദിവസം നാന്നൂറ് മുതല്‍ അറുന്നൂറ് വരെ ഷെയറുകളാണ് വന്നത് എന്ന് പറയുമ്പോള്‍ മനസ്സിലാവുമല്ലോ.
യൂട്യൂബ് ചാനലുകള്‍ വേറെ. തൊണ്ണൂറ്റിയൊമ്പത് രൂപ മുടക്കി ഒരു സിനിമ കാണാന്‍ കഴിയാത്തതല്ല നമ്മുടെ പ്രശ്നം. അതിന് ആവശ്യമായ ചെറിയ ചില നടപടിക്രമങ്ങളിലൂടെ കടന്ന് പോകാനുള്ള മടിയാണ്. ഇങ്ങനെ ചെയ്യുന്നവര്‍ ഓര്‍ക്കേണ്ട കാര്യം ഒന്നേയുള്ളൂ. അവരവര്‍ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട് മോഷ്ടിക്കപ്പെട്ടതും വ്യാജമായതുമായ ഉത്പന്നങ്ങളും സേവനങ്ങളും വന്നുകഴിഞ്ഞാല്‍ അത് മനോഹരമാണെന്ന് തോന്നുമോ എന്നതാണത്. ഇവരില്‍ ചിലര്‍ ഫേസ്ബുക്കില്‍ പരസ്യമായി ടെലഗ്രാം ലിങ്കുകള്‍ കൊണ്ട് വന്ന് പേസ്റ്റ് ചെയ്യുന്ന കാഴ്ചയും കണ്ടു. ഇതൊന്നുമല്ല “പരസഹായം ” എന്നേ അവരോട് പറയാനുള്ളൂ…
എന്തായാലും ഒന്നോര്‍ത്തുനോക്കൂ, ഇത്രയും ഷെയറുകള്‍ വന്നെങ്കില്‍ എത്രമാത്രം ആളുകള്‍ ഈ പൈറേറ്റഡ് വെര്‍ഷന്‍ കണ്ടിട്ടുണ്ടാവും. ഇത് സിനിമകള്‍ക്കും, നിയമാനുസൃതം നടത്തുന്ന സട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കും വരുത്തുന്ന നഷ്ടം എത്രവലുതായിരിക്കും ? ഇത് തുടര്‍ന്നാല്‍ നാളെ നല്ല സ്വതന്ത്രസിനിമകള്‍ ഇവിടെ എങ്ങനെ ഉണ്ടാവും ? സമാന്തര സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകള്‍ എങ്ങനെ നിലനില്‍ക്കും ? ഒരു പത്ത് മിനിട്ടോ, നൂറ് രൂപയോ ചെലവഴിക്കാന്‍ മടിച്ച് മോഷണവസ്തു ഉപയോഗിക്കുന്ന നമ്മള്‍ ഓരോരുത്തരും സ്വയം ചിന്തിക്കേണ്ട കാര്യമാണിത്….
എങ്കിലും ഇവിടെയും വേറിട്ട ചിലത് സംഭവിച്ചു. ബിരിയാണി ടെലഗ്രാമിലും മറ്റും കണ്ടവരില്‍ ഒരു വിഭാഗം സിനിമ ഇഷ്ടപ്പെട്ടത് കൊണ്ട് തുടര്‍ച്ചയായി സമൂഹമാധ്യങ്ങളിലൂടെയും മറ്റും ബന്ധപ്പെടുകയും, ബിരിയാണി ഒരു സ്വതന്ത്രമായ പരിശ്രമമാണെന്നും, സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് അത്തരം പരിശ്രമങ്ങളുടെ അനിവാര്യത പൂര്‍ണമായും ബോധ്യപ്പെട്ടതെന്നും അവര്‍ പറയുന്നു. അത്കൊണ്ട് തന്നെ ടിക്കറ്റിന്റെ വില സിനിമയുടെ പിന്നിലുള്ളവര്‍ സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം. അത്തരത്തിലുള്ള നിരവധി മെസേജുകള്‍ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് എഴുതുന്നത് പോലും.
ബിരിയാണിയുടെ പൈറേറ്റഡ് കോപ്പി അതിവേഗം ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നതിനാല്‍, ആ കാഴ്ചക്കാരില്‍ നിന്നുള്ള സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.. ഞാന്‍ കരുതുന്നത് സര്‍ക്കാരോ, നിയമസംവിധാനമോ ഇടപെടുന്നതിനുമപ്പുറം നാമോരോരുത്തരും ഇത് തിരിച്ചറിയുന്നതുവരെ ഈ പൈറസി ഇങ്ങനെ തന്നെ തുടരുമെന്നാണ്. ഇത് പുതിയൊരു തുടക്കമാകുമോ എന്നറിയില്ല.
പൈറൈറ്റഡ് കോപ്പി കണ്ട് സന്ദേശമയച്ച ഓരോരുത്തര്‍ക്കും പ്രത്യേകം മറുപടി നല്‍കുക എന്നത് അപ്രായോഗികമായത് കൊണ്ട് ഇവിടെ ഗൂഗിള്‍പേ നമ്പറും, UPI ഐഡി യും ഷെയര്‍ ചെയ്യുകയാണ്..ടിക്കറ്റിന്റെ വിലയായ 99 രൂപ അയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് മാത്രം ഇതുപയോഗിക്കാം. ഇത്രയും പറയുമ്പോഴും വീണ്ടും ഉറപ്പിച്ചു പറയട്ടെ. ബിരിയാണി റിലീസ് ചെയ്തിരിക്കുന്നത് കേവ് ഇന്ത്യയിലാണ്. കേവില്‍ സിനിമ കാണുക. പൈറസിയെ ഇല്ലാതാക്കുക. കേവ് ലിങ്കുകള്‍ കമന്റ് ബോക്‌സില്‍ കൊടുക്കുന്നു..
സിനിമ കണ്ട് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ട്..സ്നേഹത്തോടെ, സജിന്‍ബാബു. ta.sajin-1@okhdfcbank , ഗൂഗിള്‍പേ നമ്പര്‍ 9846333201