കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ദുരനുഭവം നേരിട്ട സംവിധായകൻ ജിയോ ബേബിക്ക് പിന്തുണയുമായി എസ്. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് പി. എം ആർഷോ. ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്ന് പറഞ്ഞാണ് ജിയോ ബേബിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്.
കൂടാതെ ഫാറൂഖ് കോളേജില്‍ അങ്ങനെയൊരു ധാര്‍മിക മൂല്യമുണ്ടോയെന്നും ജിയോ ബേബി എന്ന വ്യക്തിയാണോ അദ്ദേഹം സംവിധാനം ചെയ്ത സിനിമയുടെ രാഷ്ട്രീയമാണോ പ്രശ്നമെന്നും കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കണം എന്നാണ് എസ് എഫ് ഐ ചോദിക്കുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ കേരളത്തിലെ ക്യാമ്പസുകളില്‍ വേര്‍തിരിവുകളുണ്ടാകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എസ് എഫ് ഐ പറഞ്ഞു.
ജിയോ ബേബിക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തുവന്നിരുന്നു. ഒരാൾക്ക് ഒരു ഇണ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്ന് പറയുന്ന ഒരാളെ കേൾക്കില്ല എന്നത് തീരുമാനിച്ചത് വിദ്യാർത്ഥികളാണ് എന്നാണ് പി. കെ നവാസ് പറയുന്നത്.
Read more
എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും, ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാർത്ഥി യൂണിയൻ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുണ്ട് എന്നുമാണ് ജിയോ ബേബി പ്രതികരിച്ചത്