അന്ന് റോഡിലായിരുന്നു വീണതെങ്കില്‍ എന്റെ അവസാനമായേനെ, മൂന്ന് മാസം കിടപ്പിലായിരുന്നു, ഇപ്പോഴാണ് നടന്ന് തുടങ്ങിയത്: ഷീല

ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് താന്‍ മൂന്ന് മാസം കിടപ്പിലായിരുന്നുവെന്ന് നടി ഷീല. ‘അനുരാഗം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജോണി ആന്റണിയും ഷീലയും അപകടത്തില്‍ പെട്ടത്. ഈ സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷീല ഇപ്പോള്‍.

അനുരാഗമെന്ന ചിത്രത്തില്‍ കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. സിനിമയില്‍ വന്ന് ഇത്രയും കാലമായിട്ടും ഇന്നുവരെ ഒരു അപകടവും പോലും എനിക്ക് സംഭവിച്ചിട്ടില്ല. പക്ഷേ, അനുരാഗത്തിന്റെ സെറ്റില്‍ വെച്ച് ചെറിയൊരു അപകടം സംഭവിച്ചു. എന്റെ ലാസ്റ്റ് സീന്‍ എടുക്കുന്ന ദിവസം കേക്ക് കട്ടിംഗ് ഉണ്ടായിരുന്നു.

ജോണി ആന്റണിയുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്ന രംഗമായിരുന്നു. റിഹേഴ്സലിന് വേറെ ആളായിരുന്നു ബൈക്കില്‍ ഇരുന്നത്. ഷോട്ട് സമയത്ത് ഞാന്‍ കയറി ഇരുന്നതും എവിടെയോ കൊണ്ടുപോയി ഇടിച്ചു. പെട്ടെന്ന് അദ്ദേഹത്തിന് ബ്രേക്ക് കിട്ടിയില്ല. വില്ലനൊക്കെ പറന്ന് പോയി വീഴുന്നത് പോലെയായിരുന്നു ഞാന്‍ വീണത്.

ചെളിവെള്ളത്തിലായിരുന്നു വീണത്. റോഡിലായിരുന്നു വീണതെങ്കില്‍ അന്ന് എന്റെ അവസാനമായേനെ. ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ഒരു കുഴപ്പവുമില്ല എന്നായിരുന്നു പറഞ്ഞത്. ആ രംഗം പിന്നെയും എടുക്കാനുണ്ടായിരുന്നു. വേദനയുണ്ടെങ്കിലും ഞാനും അതിന് കൂടി.

Read more

പിന്നെയാണ് മകനെ വിളിച്ച് ഞാന്‍ വീണെന്നും വേദനയുണ്ടെന്നും പറഞ്ഞത്. എന്‍ആര്‍ഐ എടുത്തപ്പോഴാണ് സ്പൈനല്‍ കോഡിലെ പ്രശ്നം അറിഞ്ഞത്. 6 മണിക്കൂര്‍ നീണ്ട സര്‍ജറിയായിരുന്നു. 3 മാസം കിടപ്പിലായിരുന്നു. പിന്നെയാണ് നടന്ന് തുടങ്ങിയത് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറയുന്നത്.