അനിയത്തി പ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിരുന്നില്ല: നടന്റെ വാക്കുകള്‍ തള്ളി ഫാസില്‍

അനിയത്തിപ്രാവ് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് നടന്‍ കൃഷ്ണ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടന്റെ വാക്കുകള്‍ നിഷേധിച്ച് സംവിധായകന്‍ ഫാസില്‍ രംഗത്ത് വന്നിരിക്കുകയാണ്.

അനിയത്തിപ്രാവിലേക്കായിരുന്നില്ല ഹരികൃഷ്ണന്‍സിലേക്ക് കൃഷ്ണയെ പരിഗണിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഹരികൃഷ്ണന്‍സില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കില്‍ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന. പക്ഷേ ചാക്കോച്ചന്‍ അത് ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ല. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

”അനിയത്തിപ്രാവ് കഥ തയാറായ ശേഷം അതിന് പറ്റിയ ഒരു അഭിനേതാവിനെ തേടി ഞാന്‍ നടന്നിരുന്നു. അതേ സമയമാണ് ഞാന്‍ പുതിയ വീട് വച്ചത്. അന്ന് വീട് കാണാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആല്‍ബത്തില്‍ കണ്ടപ്പോള്‍ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന് ചോദിച്ചത്.

Read more

ചിത്രം കണ്ടപ്പോള്‍ എനിക്കും ഇഷ്ടമായി. പിന്നെ ഞാന്‍ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.”- ഫാസില്‍ വ്യക്തമാക്കി.