'ഞാന്‍ ബൂത്തിലെത്തിയപ്പോഴേക്കും എന്റെ വോട്ട് മറ്റാരോ ചെയ്തു പോയിരുന്നു'; കള്ളവോട്ട് അനുഭവം പങ്കുവെച്ച് ശ്രീനിവാസന്‍

സംസ്ഥാനത്ത് കള്ളവോട്ട് വിവാദം ഏറെ ചര്‍ച്ചയായി നില്‍ക്കെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. മുപ്പതു വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്ന് നാട്ടില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ തനിക്കു മുമ്പ് ആ വോട്ട് ചെയ്‌തെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

“പത്ത് മുപ്പതു വര്‍ഷങ്ങള്‍ മുമ്പാണ്. അന്ന് ഞാന്‍ ചെന്നൈയിലാണ്. അവിടെ നിന്നും നാട്ടിലെത്തി കുളിച്ച് ഒരു പതിനൊന്നുമണിയോടെ അടുത്തുള്ള പോളിങ് ബൂത്തിലെത്തി. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്. തന്റെ വോട്ട് മറ്റാരോ ചെയ്തു പോയിരിക്കുന്നു. എന്റെ അനുഭവത്തില്‍ പത്തു മുപ്പതു വര്‍ഷം മുമ്പു തന്നെ ഈ കള്ള വോട്ട് പരിപാടി തുടങ്ങിയിരിക്കുന്നു.” ശ്രീനിവാസന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Read more

മകന്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ആദ്യമായി അഭിനയിക്കുന്ന കുട്ടിമാമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി എം വിനുവാണ്. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍.