20 വര്‍ഷമായി ഞാന്‍ പുകവലിച്ചിട്ട്, അന്ന് സിഗരറ്റ് വന്നതിന് ശേഷമാണ് ഷൂട്ട് ആരംഭിച്ചത്.. എല്ലാം ബ്രേക്ക് ചെയ്ത് അഭിനയിച്ച സിനിമയാണ്: സൂര്യ

ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ് സൂര്യയുടെ റോളക്‌സ്. ‘വിക്രം’ സിനിമയിലെ ക്ലൈമാക്‌സില്‍ എത്തിയ ഈ കാമിയോ റോളിന് വന്‍ സ്വീകര്യത ലഭിച്ചിരുന്നു. അതിനാല്‍ തന്നെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ റോളക്‌സ് വീണ്ടും എത്തുന്നതിനായാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

എന്നാല്‍ റോളക്‌സിനായി തനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സൂര്യ ഇപ്പോള്‍. ഷൂട്ടിംഗിന്റെ അന്ന് രാവിലെയാണ് സ്‌ക്രിപ്റ്റ് പോലും കിട്ടുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നില്ല. കഥാസന്ദര്‍ഭത്തെ കുറിച്ച് വ്യക്തമായിരുന്നു.

അവിടെ വച്ച് കാന്‍ഡിഡ് ആയി ചെയ്ത കാര്യങ്ങള്‍ക്കാണ് സ്‌ക്രീനില്‍ കിട്ടിയ കയ്യടിയൊക്കെയും എന്നാണ് താരം പറയുന്നത്. സിനിമയില്‍ അവസാനത്തെ രണ്ട് മിനിറ്റ് മാത്രമാണ് ഞാന്‍ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അര ദിവസത്തെ ഷൂട്ട് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്.

20 വര്‍ഷമായി ഞാന്‍ സ്‌ക്രീനില്‍ പുകവലിച്ചിട്ട്. പക്ഷെ റോളക്‌സ് ഒരു വില്ലന്‍ ആണ് അതുകൊണ്ട് എല്ലാ റൂളിനെയും ഞാന്‍ ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു. ഷൂട്ടിന് തൊട്ടു മുമ്പ് ഞാനൊരു സിഗരറ്റ് കൊണ്ടുവരാന്‍ പറഞ്ഞു. സിഗരറ്റ് വന്നതിന് ശേഷം ഞങ്ങള്‍ ഷൂട്ട് ആരംഭിച്ചു.

കമല്‍ സാര്‍ വരുന്നതിന് മുമ്പ് ഷൂട്ട് തീര്‍ക്കണം എന്നായിരുന്നു എന്റെ മനസില്‍. അദ്ദേഹത്തിന്റെ മുന്നില്‍ എനിക്ക് അഭിനയിക്കാന്‍ ആകില്ല. ഡയലോഗെല്ലാം ഷൂട്ടിന് തൊട്ടുമുമ്പാണ് കിട്ടിയതെന്നും ബാക്കിയെല്ലാം ക്യാന്‍ഡിഡായിരുന്നു എന്നാണ് സൂര്യ പറയുന്നത്.