തമിഴ് സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി കോയമ്പത്തൂരിലാണ് നടി സ്വാസിക ഇപ്പോഴുള്ളത്. അമ്മയില്ലാതെ ഒറ്റയ്ക്ക് ഷൂട്ടിന് എത്തിയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സ്വാസിക സംസാരിച്ചത്. അമ്മയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. എല്ലാ ലൊക്കേഷനുകളിലും യാത്രകളിലും അമ്മ ഒപ്പം ഉണ്ടാവാറുണ്ട്. പക്ഷെ അമ്മയ്ക്ക് കാലിന് പരിക്കുപറ്റിയതിനാല്‍ വിശ്രമത്തിലാണ് എന്നാണ് സ്വാസിക പറയുന്നത്.
ഷൂട്ടില്ലാതെ റൂമില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് അമ്മയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. എത്രയോ വര്‍ഷമായി യാത്രകളിലും ലൊക്കേഷനിലുമെല്ലാം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ അമ്മയും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. രാവിലെ തന്നെ എണീക്കുമ്പോള്‍ ഭക്തിഗാനമൊക്കെ കേള്‍ക്കാം. എനിക്ക് വേണ്ട ചായയൊക്കെ റെഡിയാക്കി തരും.
പിന്നെ ഞങ്ങളൊന്നിച്ച് ടിവി കാണും. ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ചില പരിപാടികളുണ്ട്. അതൊക്കെ ഞങ്ങളൊന്നിച്ച് കാണും. മെനു നോക്കി വെറൈറ്റി ഫുഡ് ഓര്‍ഡര്‍ ചെയ്യും. ഞാന്‍ ജിമ്മില്‍ പോയാലും അമ്മ റൂമില്‍ തന്നെയായിരിക്കും. തലയില്‍ എണ്ണയൊക്കെ ഇട്ട് മസാജ് ചെയ്ത് തരും. രാത്രിയില്‍ ഞങ്ങളിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കും.
ഭയങ്കരമായിട്ട് അമ്മയെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. പക്ഷേ, ഞാന്‍ ഇതേ കുറിച്ച് അമ്മയോട് പറഞ്ഞിട്ടില്ല. കാലിനൊരു പരുക്കുപറ്റി വിശ്രമത്തിലാണ് അമ്മ. ഒരു വര്‍ഷം മുമ്പായിരുന്നു പരുക്കുപറ്റിയത്. അതേത്തുടര്‍ന്ന് സര്‍ജറി ചെയ്തു, കമ്പിയിട്ടു, ഇപ്പോള്‍ അത് മാറ്റി. യാത്ര ചെയ്യാന്‍ തീരെ പറ്റാത്തത് കൊണ്ടാണ് എന്റെ കൂടെ വരാത്തത്. അല്ലെങ്കില്‍ അമ്മ കൂടെ വന്നേനെ. മറ്റെന്ത് പ്രശ്നമുണ്ടെങ്കിലും അമ്മ എന്റെ കൂടെ വരുന്നതാണ്.
ഞാന്‍ അമ്മയോട് പറഞ്ഞാല്‍ ഈ അവസ്ഥയില്‍ കൂടുതല്‍ വിഷമമാകും. അമ്മയുടെ മുമ്പില്‍ ചില് വൈബ് എന്നൊക്കെ പറഞ്ഞാലും പക്ഷേ അങ്ങനെയല്ല. അമ്മ എല്ലാത്തിനും കട്ടയ്ക്ക് കൂടെ നില്ക്കും. ഗിരിജാമ്മ എന്റെ മുത്ത് ആണ്. അമ്മ അടുത്തുള്ള സമയങ്ങളില്‍ ഈ സ്നേഹം പ്രകടിപ്പിക്കാനോ പറയാനോ എനിക്ക് അറിയില്ല. പക്ഷേ അത് വേണമെന്നേ ഞാന്‍ പറയൂ എന്നാണ് സ്വാസിക പറയുന്നത്.