കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്

കണ്ണൂരില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടാമത്തെ വ്യക്തിയ്ക്കും എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയില്‍ കഴിയുന്ന തലശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വ്യക്തിയുടെ രക്ത സാമ്പിളാണ് പോസിറ്റീവായത്.

ഇയാളുടെ രക്ത സാമ്പിള്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 24കാരന് ആയിരുന്നു. യുവാവ് നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.

യുവാവിന്റെ ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

യുഎഇയില്‍ നിന്നും വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിത്തുന്നുണ്ട്.