ഞാനും ഭാര്യയും ക്രിസ്ത്യാനികള്‍, അതില്‍ അഭിമാനമുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍, വിവാദം

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദത്തില്‍. ഒരു പൊതു ചടങ്ങില്‍ വെച്ച് താനും ഭാര്യയും ക്രിസ്ത്യാനികളാണെന്ന് ഉദയനിധി പറയുകയായിരുന്നു. സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രിയായി നിയമിതനായ ഉദയനിധി ചെന്നൈയില്‍ നടന്ന ഒരു ക്രിസ്മസ് ചടങ്ങിലാണ് താന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്.

‘ ഞാന്‍ ഇവിടെ എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് പഠിച്ചത്. ലയോള കോളേജില്‍ നിന്നാണ് ഞാന്‍ ബിരുദം നേടിയത്. ഞാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ ക്രിസ്മസ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.

ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു ‘ -എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയാകുകയാണ്. 2020 ല്‍ ഗണപതി വിഗ്രഹം പിടിച്ചിരിക്കുന്ന മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെതിരെ വിവാദം ഉയര്‍ന്നപ്പോള്‍ താനും ഭാര്യയും നിരീശ്വരവാദികളാണെന്ന് ഉദയനിധി സ്റ്റാലിന്‍ അവകാശപ്പെട്ടിരുന്നു.

Read more

മകളുടെ ആഗ്രഹപ്രകാരമാണ് വിഗ്രഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രമെടുത്തതെന്നും താനും ഭാര്യയും ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും ഉദയനിധി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.