'അതെന്റെ അവസാന സിനിമയാകും..'; തമിഴക വെട്രി കഴകം പ്രഖ്യാപനത്തിന് പിന്നാലെ നിരാശരായി വിജയ് ആരാധകർ

തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിൽ നിന്നും പിന്മാറുമെന്ന വിജയ്‌യുടെ തീരുമാനം നിരവധി ആരാധകരെയാണ് നിരാശയിലാക്കിയിരിക്കുന്നത്.
ഏറ്റെടുത്ത സിനിമകൾ കൂടി പൂർത്തിയായാൽ സിനിമയിൽ നിന്നും മാറി പൂർണ്ണമായും രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുമെന്നും പുറത്തിറക്കിയ കുറിപ്പിൽ വിജയ് പറയുന്നു.

“എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് വെറൊരു തൊഴിൽ അല്ല. അതൊരു വിശുദ്ധമായ സാമൂഹ്യസേവനമാണ്. രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കൽ മാത്രമല്ല, ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് എൻ്റെ മുൻഗാമികളായ പലരുടെയും അടുത്തുനിന്ന് പാഠങ്ങൾ പഠിച്ച്, നീണ്ടകാലമായി എന്നെ ഉൾമനസിൽ തയാറാക്കി, മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് വരികയാണ്

Image

അതുകൊണ്ട് രാഷ്ട്രീയം എനിക്ക് ഒരു വിനോദമല്ല. അത് എന്റെ ആഴത്തിലുള്ള അന്വേഷണമാണ്. അതിൽ എന്നെ മുഴുവനായി ഇടപെടുത്താൻ ആഗ്രഹിക്കുന്നു. പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ മുന്നേ ഏറ്റെടുത്തിട്ടുള്ള സിനിമ പൂർത്തിയാക്കിയ ശേഷം പൊതുജനസേവനത്തിന് വേണ്ടി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിനായി ഇറങ്ങുന്നതാണ്. തമിഴ് ജനതക്കുള്ള എൻ്റെ കടപ്പാടായി ഞാൻ അതിനെ കാണുന്നു.” എന്നാണ് വിജയ് പറയുന്നത്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സൈഫൈ ചിത്രം ‘ദി ഗോട്ട്’ എന്ന സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാൽ ദളപതി 69 എന്ന ചിത്രത്തോട് കൂടി സിനിമ രംഗത്തു നിന്നും വിജയ് പൂർണമായും പിന്മാറുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. ഈ സംഘടനയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചിരിക്കുന്നത്.  തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Read more

പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ടായിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.