ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ വിനയ് ഫോർട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത് വിവാദമായിരുന്നു. ‘അങ്ങനെയെന്തോ പരിപാടികൾ ഉണ്ട്, അതിനെ കുറിച്ച് തനിക്കൊന്നും അറിയില്ല, തനിക്ക് വേറെ പരിപാടിയുണ്ട്, മലയാള സിനിമ അടിപൊളിയാണ്.’ എന്നായിരുന്നു വിനയ് ഫോർട്ട് പ്രതികരിച്ചത്. എന്നാൽ പ്രതികരണം വന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നുവന്നത്. ലൈംഗികാതിക്രമം എന്ന കുറ്റകൃത്യത്തിനെതിരെ സംസാരിച്ച നാഷണൽ അവാർഡ് കരസ്ഥമാക്കിയ ‘ആട്ടം’ എന്ന സിനിമയിൽ മുഖ്യകഥാപാത്രത്തെ പോലെ തന്നെയാണ് വിനയ് ഫോർട്ട് ജീവിതത്തിലും സംസാരിക്കുന്നത് എന്നായിരുന്നു താരത്തിനെതിരെ ഉയർന്നുവന്ന പ്രധാന വിമർശനം.
എന്നാൽ ഇപ്പോഴിതാ ക്ഷമ ചോദിച്ച് രംഗത്തുവന്നിരിക്കുകയാണ് വിനയ് ഫോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു തന്റെ ശരീരഭാഷ എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. തന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.
“കഴിഞ്ഞദിവസം ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇറങ്ങിയത്. സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ ഞാനെപ്പോഴും തമാശ പറയുന്ന വളരെ അടുത്ത കുറച്ച് ഓൺലൈൻ സുഹൃത്തുക്കളെ കാണുകയുണ്ടായി. അവർ വന്നപ്പോൾ സിനിമയുടെ റിവ്യു ചോദിക്കാനാണെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അവരെന്നോട് ചോദിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചാണ്. വളരെ ഗൗരവമേറിയ, വളരെ ദീർഘമായൊരു റിപ്പോർട്ടാണത്. അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കിൽ നമ്മളതിനെക്കുറിച്ച് മനസിലാക്കണം. പഠിക്കണം.
View this post on Instagram
Read more
അല്ലാതെ നമ്മൾ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നത് വിഢ്ഡിത്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞതിന്റെ ഒരു ഭാഗമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ ഞാനത് വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള അത്ര ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട ഒരു രീതിയിലല്ലായിരുന്നു എന്റെ ശരീരഭാഷ എന്നെനിക്കും തോന്നി. അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചതായി ഞാനറിയുകയും ചെയ്തു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.” വിനയ് ഫോർട്ട് പറയുന്നു.