കാവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടി വരുമല്ലോ; പരിഹാസവുമായി വിനായകന്‍

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ അനില്‍ ആന്റണിയ്‌ക്കെതിരെ പരിഹാസം ചൊരിഞ്ഞത്.

‘എലിസബത്ത് ആന്റണിയുടെ കാര്യമാണ് കഷ്ടം കവിയും ഖദറും കൂടെ ഒരുമിച്ച് അലക്കേണ്ടിവരുമല്ലോ’ എന്ന ട്രോളാണ് വിനായകന്‍ പങ്കുവെച്ചത്. ധാരാളം പേര്‍ വിനായകന്റെ പോസ്റ്റിന് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ‘ഖാദറില്‍ കാവി പുരളും’ എന്നാണ് പലരുടെയും പ്രതികരണം.

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

Read more

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റി. തുടര്‍ന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.