വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയുടെ ഫസ്റ്റ്‌ലുക്ക്; വിമര്‍ശനത്തിന് മറുപടി നല്‍കി വിനയന്‍

സിനിമാരംഗത്തെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് സംവിധായകന്‍ വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. . തന്റെ പുതിയ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചപ്പോഴായിരുന്നു പ്രേക്ഷകന്‍ ചോദ്യവുമായി എത്തിയത്. വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വര്‍ഷ വിശ്വനാഥിന്റെ കഥാപാത്രത്തിന്റേതായിരുന്നു പോസ്റ്റര്‍. താരങ്ങളുടെ ബന്ധുക്കള്‍ക്കും സിനിമാ കുടുംബത്തിലെ അംഗങ്ങള്‍ക്കും മാത്രം ചാന്‍സ് കൊടുക്കുന്ന ആളാണ് വിനയനെന്നായിരുന്നു വിമര്‍ശനം.

സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ മുഴുവനും പഴയ നടിയുടെ അനിയത്തി അല്ലെങ്കില്‍ പഴയ നടന്റെ അനിയന്‍.. സിനിമാ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാന്‍സ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം?

അതോ പൈസയാണോ പ്രശ്നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സത്യന്‍ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയന്‍ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം..?’- ഇതായിരുന്നു പ്രേക്ഷകന്റെ ചോദ്യം.

ഇതില്‍ വിനയന്റെ മറുപടി: ‘നിങ്ങള്‍ പറയുന്നതാണ് മാനദണ്ഡം എങ്കില്‍ കലാഭവന്‍ മണിയെയും ജയസൂര്യയെയും മണിക്കുട്ടനെയും സെന്തിലിനെയും ഒന്നും ഞാന്‍ നായകന്‍മാരാക്കില്ലായിരുന്നല്ലോ?’.

Read more

വിനയന്റെ മറുപടിക്ക് കയ്യടിയുമായി നിരവധിപേര്‍ രംഗത്തുവന്നു. സാധാരണക്കാരനെ സിനിമയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് വിനയനെന്നും അന്നും ഇന്നും അദ്ദേഹം ഇതുപോലുള്ള സാധാരണക്കാര്‍ക്കു വേണ്ടിയാണ് നിലകൊണ്ടിരുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.