ആ പേര് കേട്ട് ഞാന്‍ ഞെട്ടി, ആ വ്യക്തി ഇന്നലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം വാങ്ങി: വിനീത് ശ്രീനിവാസന്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുകയാണ് എം.എം കീരവാണിയും ‘ആര്‍ആര്‍ആര്‍’ ടീമും. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം നേടിയത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയില്‍ എത്തുന്നത്. 2009ല്‍ എ.ആര്‍ റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.

ആര്‍ആര്‍ആറിന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് രാഷ്ട്രീയ-ചലച്ചിത്ര പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രതികരിച്ചത്. ഇതിനിടെ എം.എം കീരവാണിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

വിനീതിന്റെ കുറിപ്പ്:

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ എതിര്‍വശത്ത് ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. വളരെ നല്ലവരും വിനയമുള്ളവരും ലാളിത്യമുള്ളവരുമായിരുന്നു അവര്‍. ഭര്‍ത്താവ് തലശ്ശേരിക്കാരനും ഭാര്യ ആന്ധ്രക്കാരിയുമായിരുന്നു. ഞങ്ങള്‍ എപ്പോള്‍ കണ്ടുമുട്ടിയാലും എന്തെങ്കിലും സംസാരിക്കുമായിരുന്നു.

ഒരിക്കല്‍ എന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ വണ്ടിയോടിച്ച് പോകുന്നതിനിടെ ആ ചേച്ചി ഒരു മധ്യവയസ്‌കനൊപ്പം നടന്നുപോകുന്നത് കണ്ടു. കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. ഞങ്ങള്‍ പരസ്പരം ചിരിച്ചു, ഒടുവില്‍ ആ ചേച്ചി പറഞ്ഞു, വിനീത് ഇത് എന്റെ സഹോദരനാണ്. ആദരവോടെ അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ്, പേര് പറഞ്ഞു.

ആ പേര് കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എനിക്ക് നടുക്കമുണ്ടായി. പാര്‍ക്കിംഗ് ചെയ്യുന്നിടത്ത് ഞാന്‍ കണ്ട വ്യക്തി കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം വാങ്ങി, 2022-ല്‍ അദ്ദേഹത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന്, എം.എം കീരവാണി.