രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചേഞ്ചറിനെ പരിഹാസിച്ച് രാം ഗോപാൽ വർമ്മ. ചിത്രത്തിന്‍റെ റിപ്പോർട്ട് ചെയ്യപ്പെട്ട ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നത്. എക്സില്‍ ഇട്ട ഒരു പോസ്റ്റിലാണ് ചിത്രത്തിനെതിരെ രാം ഗോപാൽ വർമ്മ വിമർശനം ഉന്നയിച്ചരിക്കുന്നത്.
നിർമ്മാതാക്കൾ അവകാശപ്പെടുന്ന ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് കളക്ഷനും ട്രേഡ് റിപ്പോർട്ടും തമ്മിലുള്ള വലിയ പൊരുത്തക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാം ഗോപാൽ വർമ്മയുടെ ആരോപണം. എസ്എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ബോക്സോഫീസ് കളക്ഷന്‍റെ പുതിയ ആകാശത്തേക്കാണ് ഉയര്‍ത്തിയതെന്നും ഇത് ശരിക്കും ബോളിവുഡിനെ ഞെട്ടിക്കുന്നതാണെന്നും രാം ഗോപാൽ വർമ്മ കുറിച്ചു. അതേസമയം ഗെയിം ചേഞ്ചറിന്‍റെ കളക്ഷന് പിന്നിലുള്ളവര്‍ തെന്നിന്ത്യ ഫ്രോഡാണ് എന്ന് പറയിപ്പിക്കുന്നതില്‍ വിജയിക്കുകയാണെന്നും രാം ഗോപാൽ വർമ്മ കുറ്റപ്പെടുത്തി.
ബാഹുബലി, ആർആർആർ, കെജിഎഫ് 2, കാന്താര തുടങ്ങിയവയ്ക്കും അതിന്‍റെ വലിയ നേട്ടത്തിനും നന്ദിയുണ്ട്. എന്നാല്‍ ഗെയിം ചേഞ്ചര്‍ അവകാശങ്ങള്‍ ഈ നേട്ടങ്ങളെ സംശയത്തിലാക്കി. ദക്ഷിണേന്ത്യയിലെ അസാധാരണ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്ന അപമാനകരമായ പരിപാടിയാണ് ഗെയിം ചേഞ്ചറില്‍ നടന്നത്. ഈ അപമാനത്തിന് പിന്നിൽ ആരാണെന്ന് എനിക്കറിയില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ദില്‍ രാജു അല്ല ഈ തട്ടിപ്പിന് പിന്നില്‍ എന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്. ദില്‍ രാജു അല്ല ഇതിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം യാഥാര്‍ത്ഥ്യം അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഒരിക്കലും ഇത്തരം ഫ്രോഡ് പരിപാടി അദ്ദേഹം നടത്തില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.
ജനുവരി 10ന് റിലീസ് ചെയ്ത ചിത്രം 186 കോടി രൂപ നേടിയതായി ഗെയിം ചേഞ്ചറിന്‍റെ നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളില്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം ലോകമെമ്പാടും 100 കോടി രൂപയിൽ താഴെയാണ് ചിത്രം തുറന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്തത്. സാക്നിൽക് പോലുള്ള ചില ഉറവിടങ്ങൾ 80 കോടി മാത്രമാണ് കളക്ഷൻ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് കളക്ഷന്‍ വിവാദത്തിലായത്.
ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. അതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയെന്ന് കരുതുന്ന 45 പേര്‍ക്കെതിരെ ഗെയിം ചേഞ്ചര്റിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. വ്യാജ പതിപ്പ് ചോർത്താതിരിക്കാൻ പണം ആവശ്യപ്പെട്ടതായാണ് നിർമാതാക്കൾ ആരോപിക്കുന്നത്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിർമാതാക്കൾ പരാതി നൽകി. 45 പേർക്കെതിരെയാണ് നിർമാതാക്കൾ പരാതി നൽകിയിരിക്കുന്നത്.
അതേസമയം ചിത്രത്തിന് മോശം പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ നിർമാതാക്കൾ ഉയർത്തുന്ന ഈ ആരോപണത്തിന്റെ ലക്ഷ്യം നെഗറ്റീവ് മാർക്കറ്റിങ് അല്ലെ എന്ന സംശയമാണ് ഉയർത്തുന്നത്. ഇന്നത്തെ കാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമയെ വീണ്ടും ചർച്ചയിൽ നിലനിർത്താനും അതുവഴി സിനിമക്ക് കൂടുതൽ ആളുകൾ കയറുമെന്നാണ് പ്രൊഡ്യൂസർമാർ വിശ്വസിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉയരുന്ന ഈ ആരോപണവും പരാതിയുമെല്ലാം ചിത്രത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റിക്കും മാർക്കറ്റിംഗിനുമുള്ള ഒരു തന്ത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.