വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി എന്നന്നേക്കുമായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാകണമെന്നാണ് സർക്കാരിന്റെ നിലപാട്. ആശങ്കകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ നിയമഭേദഗതി നടപ്പാക്കേണ്ടതില്ലെന്ന നിലപാട് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിലാക്കുന്നതോ ആയ ഒരു ഭേദഗതിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013-ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. മനഃപൂര്‍വ്വം കടന്നുകയറുക എന്ന ഉദ്ദേശത്തോടെ വനത്തില്‍ കയറുക, വനത്തിനുള്ളില്‍ വാഹനം നിറുത്തുക ഇതെല്ലാം കുറ്റമാക്കുക എന്നതാണ് ആ ഭേദഗതി. അതിന്റെ തുടര്‍നടപടികളാണ് പിന്നീടുണ്ടായത്. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്. കര്‍ഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയില്‍ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കെതിരെ ഒരുനിയമവും ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. സര്‍ക്കാരിന്റെ നിലപാട് ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ സൂക്ഷ്മതലത്തിലും സമഗ്രതലത്തിലും കൈക്കൊള്ളണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനസംരക്ഷ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു