നാളെ ജയമോഹൻ കേരള ഗവർണർ ആയാൽ പോലും മലയാളികൾ അത്ഭുതപ്പെടില്ല; വിമർശനവുമായി ഉണ്ണി. ആർ

‘മഞ്ഞുമ്മൽ ബോയ്സ്’ വിവാദത്തിനിടെ ജയമോഹനെതിരെ രൂക്ഷവിമർശനവുമായി സാഹിത്യകാരനും, തിരക്കഥാകൃത്തുമായ ഉണ്ണി. ആർ.  കേരളത്തെ കുറിച്ചുണ്ടായ ഏറ്റവും വലിയ നുണയായിരുന്നു ‘കേരള സ്റ്റോറീസ്’ എന്ന ചിത്രമെന്നും അതിന്റെ തുടർച്ചയാണ് ജയമോഹന്റെ കുറിപ്പെന്നും, നാളെ ജയമോഹൻ കേരള ഗവർണ്ണർ ആയാൽ മലയാളികൾ അത്ഭുതപ്പെടില്ലെന്നും ഉണ്ണി. ആർ പറയുന്നു.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ യുവാക്കൾ മദ്യപാനികളും തെമ്മാടികളുമാണ് എന്ന് വരുത്തിതീർക്കേണ്ടത്, വരേണ്യതയെ മുറുകെ പിടിക്കുന്ന ജയമോഹന് ആവശ്യമാണ് എന്നാണ് ഉണ്ണി ആർ പറയുന്നത്.

കൂടാതെ ഒഴിവുദിവസത്തെ കളി എന്ന ഉണ്ണി. ആർ തിരക്കഥയെഴുതിയ ചിത്രത്തോടുള്ള ജയമോഹന്റെ അസഹിണുതയെയും ഉണ്ണി ആർ വിമർശിക്കുന്നുണ്ട്, ചിത്രത്തിൽ പറയുന്ന ജാതീയത താങ്കളുടെ സവർണ്ണ ബോധം കൊണ്ട് കാണാൻ കഴിയില്ലെന്നാണ് ഉണ്ണി. ആർ പറയുന്നത്.

“മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്നുള്ള പ്യൂരിറ്റൻ വാദം ബ്രാഹ്മണിക്കൽ ആണ്. മലയാളികൾക്കിടയിൽ ചെത്ത് തൊഴിലായി സ്വീകരിച്ചവരുണ്ട്. മദ്യം സ്ത്രീപുരുഷ ഭേദമെന്യേ കഴിക്കുന്നവരുണ്ട്.

ജാതിശ്രേണിയിൽ മുകളിൽ നിൽക്കുന്നവർ ഇതിനെ അറപ്പോടെ കാണുന്നു. ബഹിഷ്കൃതരായവരുടെ പ്രാകൃത ആനന്ദമായിട്ടാണ് അവരിതിനെ കാണുന്നത്. ഈ ബ്രാഹ്‌മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിൻ്റെ പിൻബലമാവുന്നത്.” എന്നാണ് മനോരമ ഓൺലൈനിൽ ഉണ്ണി. ആർ എഴുതിയത്.

Read more

മഞ്ഞുമ്മൽ ബോയ്സ് വിമർശനത്തിന് പുറമെ,  മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ജയമോഹൻ പറഞ്ഞിരുന്നു.  കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പോലും മയക്കുമരുന്ന് കേസില്‍ കുടുങ്ങുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ടെന്നും,  ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നതും ജയമോഹൻ ആരോപിക്കുന്നു.  പത്ത് വര്‍ഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകള്‍ കേരളത്തില്‍ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവല്‍കരിച്ചിരുന്നു.” എന്നും ജയമോഹൻ തന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.