'നയനിസത്തിന്റെ പതിനാല് വര്‍ഷങ്ങള്‍, തുടരുക..' ; ആശംസകളുമായി വിഗ്നേഷ്

ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലാക്കാരി തെന്നിന്ത്യക്കാരുടെ പ്രിയതാരം നയന്‍താര ആയിട്ട് 14 വര്‍ഷം. മലയാളവും തമിഴും കടന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലെത്തിയിരിക്കുന്ന നയന്‍സിന് ആശംസയുമായി എത്തിയിരിക്കുകയാണ് കാമുകന്‍ വിഘ്‌നേഷ് ശിവന്‍.

“”നയനിസത്തിന്റെ പതിനാല് വര്‍ഷങ്ങള്‍…കൂടുതല്‍ കരുത്തും വിജയങ്ങളും നിനക്ക് ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…നയന്‍താര….അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം…വളരെ സുന്ദരമായ ഒരു ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍…ഒരുപാട് സ്നേഹം..”” വിഘ്നേശ് ട്വിറ്ററില്‍ കുറിച്ചു.

വിഘ്‌നേശ് സംവിധാനം ചെയ്ത് വിജയ് സേതുപതി-നയന്‍താര ജോഡികള്‍ ഒന്നിച്ച “നാനും റൗഡി താന്‍” എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.വിഘ്‌നേശിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും അമേരിക്കയില്‍ പോയതും വിശേഷാവസരങ്ങളില്‍ നയന്‍താരയ്ക്കായി വിഘ്‌നേശ് കുറിച്ചിരുന്ന ആശംസകളും ഈ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇരുവരും വിദേശത്തു വച്ച് രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

2003 ക്രിസ്മസ് കാലത്താണ് നയന്‍താര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ പുറത്തിറങ്ങിയത്. ജയറാം നായകനായ ഈ സത്യന്‍ അന്തിക്കാട് ചിത്രം ഹിറ്റായെങ്കിലും മലയാളത്തേക്കാള്‍ തമിഴിലായിരുന്നു നയന്‍സിന്റെ ജൈത്രയാത്ര. ഇടയ്ക്ക മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. ഗ്ലാമര്‍താരം എന്നതിലുപരി മികച്ച നടിയായും നയന്‍സ് ആരാധകരുടെ പ്രീതി പിടിച്ചുപറ്റി. ഇന്നിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കിയ നയന്‍താര. ഇന്ത്യയിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിലും നയന്‍സ് ഇടം നേടി.