ജോര്‍ജുകുട്ടിയെയും മൈക്കിളപ്പനെയും മറികടന്ന് ആര്‍ഡിഎക്‌സിന്റെ മൂവര്‍ സംഘം; 19 ദിവസത്തിനുള്ളില്‍ ചരിത്രനേട്ടം; റെക്കോഡ് കളക്ഷന്‍

വീക്കന്റ ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർ. ഡി. എക്സ്’ (RDX)  കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. 19 ദിവസം കൊണ്ട് 77 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡ് കളക്ഷനായി നേടിയത്.

ആഗസ്റ്റ് 25 നായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.ഗംഭീരമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു സിനിമ. ഓണം റിലീസുകളിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളായ കിങ്ങ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ്സ്  എന്നിവയ്ക്കൊപ്പം വലിയ പ്രതീക്ഷകളോ മറ്റോ ഇല്ലാതെ വന്ന സിനിമ മറ്റ് സിനിമകളെ പിന്നിലാക്കി ഓണം ബോക്സ് ഓഫീസ് തൂത്തുവാരിയിരിക്കുകയാണ്.

കേരളത്തിൽ നിന്നു മാത്രം ചിത്രം 47.5 കോടി രൂപയാണ് നേടിയത്. 77 കോടി ആഗോള കളക്ഷൻ നേടിയതിലൂടെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ആറാമത്തെ മലയാളം സിനിമയായി ‘ആർ. ഡി. എക്സ്’ മാറി. കൂടാതെ ദൃശ്യം, ഭീഷ്മ പർവ്വം എന്നിവയെ മറികടന്ന് എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ഉയർന്ന കളക്ഷൻ ലിസ്റ്റിൽ നാലാം സ്ഥാനത്തേക്കും ചിത്രമെത്തി.

ഷെയ്ൻ, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കൂടാതെ ലാൽ, ബാബു ആന്റണി, മഹിമ, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ, സുജിത് ശങ്കർ, ഐമ റോസി, മാല പാർവതി, ബൈജു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദർശ് സുകുമാരൻ,ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ‘കെ. ജി. എഫ്’, ‘വിക്രം’ എന്നീ സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ അൻപറിവാണ് ചിത്രത്തിന് സംഘട്ടനമൊരുക്കിയിരിക്കുന്നത്. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. അലക്സ്. ജെ പുളിക്കലിന്റെതാണ് ഛായാഗ്രഹണം.