അഭിഭാഷകന്റെ ഹര്‍ജി തള്ളി കോടതി; ആദിപുരുഷ്' നിശ്ചയിച്ച തീയതിയില്‍ തന്നെ

പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി ദില്ലി കോടതി. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായും അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് ആവശ്യപ്പെട്ടിരുന്നു.

ആവശ്യം പരിഗണിച്ച കോടതി, അഭിഭാഷകന്റെ ഹര്‍ജി തള്ളുക ആയിരുന്നു. സിനിമയില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും ശരിയായ ചിത്രീകരണമല്ല നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Read more

സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.