ആറാട്ടിന് ആദ്യദിനത്തില്‍ തന്നെ റെക്കോഡ് കളക്ഷന്‍ ?

തിയേറ്ററില്‍ ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ് നേടി ബി ഉണ്ണികൃഷ്ണന്റെ ‘ആറാട്ട്’. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളപ്പോഴാണ് സിനിമയിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ നിന്നു മാത്രം 3.50 കോടി ചിത്രം നേടിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന് പുറത്തു നിന്നുമായി 50 ലക്ഷത്തോളം രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ദിനത്തില്‍ ആകെ 4കോടിയാണ് ആറാട്ട് കളക്ട് ചെയ്തത്. വിനീത് ശ്രീനിവാസന്റെ ഹൃദയം നേടിയതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്.

കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്.

Read more

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്.