ആടുകളെ അഭിനയിപ്പിക്കാന്‍ ശബ്ദങ്ങളൊക്കെ പൃഥ്വിരാജും പഠിച്ചു.. കുബ്ബൂസ് കാണിച്ച് പറ്റിച്ചാണ് ഒട്ടകത്തെയും ആടിനെയും അഭിനയിപ്പിച്ചത്: റോബിന്‍ ജോര്‍ജ്

ബോക്‌സ് ഓഫീസില്‍ ‘ആടുജീവിതം’ കുതിക്കുമ്പോള്‍ എത്രത്തോളം ബുദ്ധിമുട്ടിയാണ് ഈ സിനിമ ചിത്രീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഒട്ടകത്തിന്റെ കണ്ണില്‍ പൃഥ്വിരാജിനെ കാണുന്ന രംഗം ഷൂട്ട് ചെയ്യാന്‍ ഏഴെട്ട് ദിവസം എടുത്തുവെന്ന് നടന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തില്‍ ഒട്ടകത്തെയും ആടുകളെയും എങ്ങനെയാണ് അഭിനയിപ്പിച്ചത് എന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടറായ റോബിന്‍ ജോര്‍ജ് ഇപ്പോള്‍. മൃഗങ്ങളെ വച്ച് ഷൂട്ട് ചെയ്യുക വെല്ലുവിളി ആയിരുന്നെങ്കിലും കുബ്ബൂസ് ഒക്കെ കാണിച്ച് പറ്റിച്ചാണ് അഭിനയിപ്പിച്ചത് എന്നാണ് റോബിന്‍ ജോര്‍ജ് പറയുന്നത്.

മൃഗങ്ങളെ വച്ച് ഷൂട്ട് ചെയ്യുന്നത് ഭയങ്കര വെല്ലുവിളിയായിരുന്നു. പട്ടികളെ പോലെയല്ല, ആടുകളെ ട്രെയിന്‍ ചെയ്യിക്കാന്‍ ബുദ്ധിമുട്ടാണ്. ട്രെയിനേഴ്‌സ് ഒന്നുമില്ല. ചില ശബ്ദങ്ങളൊക്കെ ഉണ്ടാക്കിയാണ് പെര്‍ഫോം ചെയ്യിപ്പിച്ചത്. അവസാനം പൃഥ്വിരാജ് പോലും ആ ശബ്ദങ്ങളൊക്കെ പഠിച്ചു.

നജീബിനെ നോക്കി ആട് ചിണുങ്ങുന്നതൊക്കെ ബ്ലെസി സാര്‍ കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നു. ഇതൊക്കെ അതുപോലെ എടുക്കുക വെല്ലുവിളി നിറഞ്ഞതാണ്. ആടിനെയും ഒട്ടകത്തെയും കുബ്ബൂസ് കാണിച്ച് പറ്റിച്ചാണ് ഷോട്ടുകളെടുത്തത് എന്നാണ് റോബിന്‍ ജോര്‍ജ് മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ആടുജീവിതം ആദ്യ വീക്കെന്‍ഡില്‍ തന്നെ 70 കോടിയാണ് ആഗോള കളക്ഷന്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി എത്തിയിരുന്നു. സ്വന്തം ചിത്രമായ ‘ലൂസിഫറി’ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ആടുജീവിതം ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രമായി മാറിയിരിക്കുന്നത്.

Read more