മൈക്ക് വാങ്ങി മാധ്യമപ്രവര്‍ത്തകരെ തല്ലി നടന്‍ മോഹന്‍ ബാബു; വീഡിയോ

തെലുങ്ക് താരം മോഹന്‍ ബാബുവും ഇളയ മകനും നടനും നിര്‍മ്മാതാവുമായ മഞ്ചു മനോജും തമ്മില്‍ സംഘര്‍ഷം. മഞ്ചു മനോജ് വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ സുരക്ഷ ഏജന്‍സി ആളുകള്‍ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

മോഹന്‍ ബാബു മാധ്യമപ്രവര്‍ത്തകരെ മൈക്ക് വലിച്ച് വാങ്ങി തല്ലുന്നത് അടക്കം ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. മനോജും ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും തന്റെ വീട് കൈവശപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍, സ്വത്തില്‍ ഒരു ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താന്‍ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കണ്ടതായും മനോജ് പറഞ്ഞു.

അതേസമയം, കുടുംബ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മോഹന്‍ ബാബുവിന്റെ മൂത്ത മകന്‍ മഞ്ചു വിഷ്ണു പറഞ്ഞു. ഇതിനിടെ ഡിസംബര്‍ എട്ടിന് അജ്ഞാതരായ പത്ത് പേര്‍ വീട്ടില്‍ കയറി അതിക്രമം കാണിച്ചുവെന്ന മനോജ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Read more