ഷൂട്ടിംഗിനിടെ ആഗ്രഹം വെളിപ്പെടുത്തി കുട്ടികൾ; നിറവേറ്റി സൂരി; വീഡിയോ ചർച്ചയാകുന്നു

സിനിമ ചിത്രീകരണ സമയത്ത് താരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഹനമാണ് കാരവൻ. സിനിമ ഷൂട്ടിംഗിൽ കൗതുകമുള്ള ആർക്കും കാരവൻ എപ്പോഴും അത്ഭുതമുള്ള കാര്യമാണ്. ഇഷ്ടതാരത്തിന്റെ കാരവന്റെ ഉള്ളിൽ കയറിനോക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആരാധകരാവും കൂടുതലും.

അത്തരത്തിൽ കാരവനുള്ളിൽ കയറാൻ ആഗ്രഹിച്ച കുട്ടികളെ മുഴവൻ തന്റെ കാരവനിൽ കയറ്റിയിരിക്കുകയാണ് തമിഴ് താരം സൂരി. സൂരി തന്നെയാണ് ഇതിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിന് വന്നതായിരുന്നു സൂരി. അതുകൊണ്ട് തന്നെ താരത്തിനെ കാണാൻ കുട്ടികളടക്കമുള്ള നിരവധി ആളുകൾ ഷൂട്ടിംഗ് സ്ഥലത്ത് എത്തിചേർന്നിരുന്നു.

സൂരിയെ നേരിൽ കണ്ടപ്പോഴാണ് കുട്ടികൾക്ക് കാരവനിൽ കയറാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. മറിച്ചൊന്നും ചിന്തിക്കാതെ മുഴുവൻ കുട്ടികളെയും തന്റെ കാരവനിൽ കയറ്റി അവരുടെ ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ് താരം.

Read more

കോമഡി താരമായും സഹനടനായും തമിഴ് സിനിമയിൽ തിളങ്ങിനിന്ന താരമായിരുന്നു സൂരി. വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ പാർട്ട് 1’ എന്ന സിനിമയിലൂടെയാണ് സൂരി ആദ്യമായി നായകനാവുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പ്രശംസകളാണ് സൂരിക്ക് ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷമാണ് തിയേറ്ററുകളിൽ എത്തുന്നത്.