ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

‘നന്ദനം’ സിനിമയിലെ ബാലാമണി എന്ന് കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് നവ്യ നായര്‍. തുടക്കകാലത്ത് തന്നെ നവ്യയ്ക്ക് അത്രത്തോളം ജനപ്രീതി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗ് ആണ് ക്ലൈമാക്്‌സിലെ ‘ഞാനേ കണ്ടുള്ളു’ എന്നത്.

ബാലാമണിയുടെ ഈ പ്രശസ്ത ഡയലോഗ് വീണ്ടും പറഞ്ഞിരിക്കുകയാണ് നവ്യ നായര്‍. നൃത്തപരിപാടി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ബാലാമണിയുടെ ഡയലോഗ് പറയാമോ എന്ന ആവശ്യം ഉയര്‍ന്നത്. പ്രേക്ഷകരെ നിരാശരാക്കാതെ സന്തോഷത്തോടെ ആ ആവശ്യം നടി അംഗീകരിക്കുകയും ചെയ്തു.

”ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ആ ഡയലോഗ് നിങ്ങള്‍ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. നന്ദനത്തിലെ എന്റെ ഗെറ്റപ്പും ഈ ഗെറ്റപ്പും തമ്മില്‍ യാതൊരു മാച്ചുമില്ല. വയസ്സും പത്തിരുപത് കൂടിയിട്ടുണ്ട്” എന്നു പറഞ്ഞു കൊണ്ടാണ് നവ്യ ഡയലോഗ് അവതരിപ്പിച്ചത്.

കയ്യടികളോടെയാണ് നവ്യയുടെ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 2002ല്‍ ആണ് നന്ദനം റിലീസ് ചെയ്യുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകനായത്. അരവിന്ദ്, ഇന്നസെന്റ്, ജഗതി, കവിയൂര്‍ പൊന്നമ്മ, രേവതി, സിദ്ദിഖ് എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Read more