ഉദയകൃഷ്ണ- സിബി കെ.തോമസ് എന്ന ഹിറ്റ് കോംബോ ആദ്യമായി തിരക്കഥയൊരുക്കിയ ‘ഹിറ്റ്ലർ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലാണ് വനിതാ വിജയകുമാർ എന്ന നടിയെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. തമിഴ് നടൻ വിജയകുമാറിന്റെ മകളായ വനിത പിന്നീട് മലയാളത്തിൽ നിന്നും അപ്രത്യക്ഷമായി. പിന്നീട് നടി തമിഴിലും തെലുങ്കിലുമായി ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒന്നും രക്ഷപ്പെടുത്തിയില്ല.
എന്നാൽ മതം മാറിയതുമായി ബന്ധപ്പെട്ടും വിവാഹങ്ങളുടെ പേരിലും വാർത്തകളിൽ വനിതയുടെ പേര് എന്നും നിറഞ്ഞു നിന്നു. സിനിമാ ജീവിതത്തിൽ എവിടെയും എത്താതെ പോയ വനിത വ്യത്യസ്ത രംഗങ്ങളിൽ കൈ വച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല എന്ന് മാത്രമല്ല, പ്രശ്നങ്ങളും സങ്കടങ്ങളും മാത്രമാണ് ബാക്കിയായത്. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത.
അഭിനയത്തിൽ പച്ചപിടിക്കാത്തതിനാൽ സഹോദരിയും നടിയുമായ പ്രീതാ വിജയകുമാറിന്റെ കോസ്റ്റ്യൂം ഡിസൈനറായി കൂടെ പോയിരുന്നു. പിന്നീട് സംവിധാന സഹായിയായും സിനിമാ നിർമാണത്തിലും ഒക്കെ തന്റെ കഴിവ് തെളിയിക്കാനുള്ള ശ്രമം നടത്തി. എന്നാൽ ഇതും വിഫലമായി. സിനിമ മാറ്റിപ്പിടിച്ച് മിനിസ്ക്രീനിലേക്ക് പോയെങ്കിലും അവിടെയും പരാജയമായിരുന്നു ഫലം. ഇതിനിടെ ജീവിതത്തിലെ പല തരത്തിലുള്ള പ്രശ്ങ്ങൾ വനിത മാനസികാപരമായി തളർത്തിയിരുന്നു. സ്വന്തം കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന താരം കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റയ്ക്കാണ് താമസം.
കഴിഞ്ഞ ദിവസം താൻ നാലാമതായി വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ വാർത്തകൾക്ക് വഴിവച്ചിരിക്കുകയാണ്. നടനും കൊറിയോഗ്രാഫറുമായ റോബർട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ ഡേറ്റ് ചിത്രമായിരുന്നു നടി സ്റ്റോറിയിൽ പങ്കുവച്ചത്.
എന്നാൽ മിസ്റ്റർ ആൻഡ് മിസിസ് എന്ന പേരിൽ വനിത രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പ്രൊമോഷനായിരുന്നു അത്. ഈ ചിത്രത്തിലെ നായികയും നായകനുമാണ് വനിതയും റോബർട്ട് മാസ്റ്ററും. മമ്മൂട്ടിയുടെ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ റോബർട്ട് പിന്നീട് ഡാൻസ് കൊറിയോഗ്രാഫറായി മാറുകയായിരുന്നു.
വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വൻ വിവാദങ്ങളായിരുന്നു. 2000ൽ ആണ് നടൻ ആകാശുമായുള്ള വനിതയുടെ ആദ്യ വിവാഹം. 2007ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ട് കുട്ടികൾ. അതേ വർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012ൽ ഇവർ വിവാഹമോചിതരായി.
2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ് അഞ്ച് മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെൺമക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റർ പീറ്റർ പോൾ ആയിരുന്നു വരൻ.
എന്നാൽ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്തെത്തിയതോടെ വിവാഹം വിവാദമാവുകയായിരുന്നു. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ.
Read more
വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ വനിതയുടെ അരങ്ങേറ്റം. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച നടി മലയാളത്തിൽ ‘ഹിറ്റ്ലർ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലെത്തുകയായിരുന്നു. 1999-ൽ ദേവി എന്ന ചിത്രത്തിനു ശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്.