വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍. എഴുത്തിന്റെ പെരുന്തച്ചന്‍. മലയാളികളുടെ ഹൃദയങ്ങളിലേക്ക് ആര്‍ദ്രമായ പ്രണയവും നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും ഒരുപാട് കഥാപാത്രങ്ങളിലൂടെ എംടി ഒഴുകി എത്തിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലെയും സിനിമയിലെയും ഇതിഹാസമാണ് എംടി വാസുദേവന്‍ നായര്‍. കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ് എന്നാണ് എംടിയുടെ പക്ഷം. എംടിയുടെ തിരക്കഥകള്‍ക്കും സിനിമകള്‍ക്കും ആരാധകരേറെയാണ്.
1965ല്‍ ‘മുറപ്പെണ്ണ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി കൊണ്ടാണ് എംടി മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. സ്വന്തം കൃതിയായ ‘സ്‌നേഹത്തിന്റെ മുഖങ്ങള്‍’ എന്ന ചെറുകഥയാണ് എംടി മുറപ്പെണ്ണ് ആക്കി മാറ്റിയത്. തുടര്‍ന്ന് ‘പകല്‍ക്കിനാവ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി. ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന തന്റെ ചെറുകഥയെ എംടി മറ്റൊരു സിനിമയാക്കി. ‘നഗരമേ നന്ദി’, ‘അസുരവിത്ത്’, ‘ഓളവും തീരവും’ തുടങ്ങി തന്റെ മറ്റ് കൃതികളും എംടി തിരക്കഥകളാക്കി. സംസ്ഥാനത്തെ മികച്ച ചിത്രം, സംവിധായകന്‍, സഹനടി (ഫിലോമിന) ഛായാഗ്രഹണം (മങ്കട രവിവര്‍മ്മ), സംഭാഷണം (എം ടി) എന്നീ പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും കരസ്ഥമാക്കി ചരിത്രത്തില്‍ ഇടം പിടിച്ച സിനിമയായിരുന്നു ഓളവും തീരവും. 1971ല്‍ എംടിയുടെ തിരക്കഥയില്‍ എത്തിയ ‘കുട്ട്യേടത്തി’ മലയാള സിനിമയിലെ ധീരമായ ഒരു ശ്രമമായിരുന്നു.
1973ല്‍ ‘നിര്‍മ്മാല്യം’ എന്ന സിനിമ ചെയ്തു കൊണ്ടാണ് എംടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും ലഭിച്ചു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എന്നിവ ഈ സിനിമയ്ക്കായിരുന്നു. വേദനയുടെ പൂക്കള്‍ എന്ന കഥാസമാഹാരത്തിലെ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം. പട്ടിണിയും ദാരിദ്ര്യവും ജീവിതത്തിന്റെ സന്തത സഹചാരിയായി മാറിയ ഒരു വെളിച്ചപ്പാടിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
1978ല്‍ എംടി സംവിധാനം ചെയ്ത ‘ബന്ധനം’ ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. വാരിക്കുഴി, മഞ്ഞ്, കടവ്, തകഴി, ഒരു ചെറു പുഞ്ചിരി എന്നീ സിനിമകളും തന്റെ കൃതികളെ അടിസ്ഥാനമാക്കി എംടി ഒരുക്കി. എംടിയുടെ തിരക്കഥ വച്ച് സിനിമകള്‍ ഒരുക്കിയ ധാരാളം സംവിധായകര്‍ മലയാളത്തിലുണ്ട്. എംടിയുടെ പ്രശസ്തമായ ഇരുട്ടിന്റെ ആത്മാവ് എന്ന കഥ സിനിമയാക്കിയപ്പോള്‍ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് പി. ഭാസ്‌കരനായിരുന്നു.
എംടിയുടെ ‘നീലത്താമര’ സിനിമയാക്കിയത് യൂസഫലി കേച്ചേരി ആയിരുന്നു. വ്യത്യസ്തമായൊരു പ്രണയ കഥയായിരുന്നു നീലത്താമര. വര്‍ഷങ്ങള്‍ക്ക് ശേഷം നീലത്താമര വീണ്ടും സിനിമയാക്കിയപ്പോള്‍ ലാല്‍ജോസിനായിരുന്നു ഭാഗ്യം ലഭിച്ചത്. നീലത്താരമ വീണ്ടും ചെയ്യാനുള്ള താല്‍പര്യവുമായി ലാല്‍ജോസ് എം.ടിയെ സമീപിക്കുകയായിരുന്നു. പുതിയ കാലഘട്ടത്തിന് അനുസരിച്ച് എംടി തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തുകയും ചെയ്തിരുന്നു.
പ്രവാസികളുടെ പ്രശ്‌നം ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചത് എംടിയായിരുന്നു. ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രമൊരുക്കിയത് ആസാദ് ആയിരുന്നു. എംടിയുടെ ‘പെരുന്തച്ചന്‍’ സിനിമയാക്കിയത് അജയന്‍ ആണ്. തിലകന്റെ ഗംഭീര സിനിമകളില്‍ ഒന്നായി പെരുന്തച്ചന്‍ മാറി. സമാന്തര സിനിമയുടെ വക്താവായ പവിത്രന്‍ എം.ടിയുടെ തിരക്കഥയില്‍ ചെയ്ത ചിത്രമായിരുന്നു ‘ഉത്തരം’. എംടിയുടെ തിരക്കഥയില്‍ പിറന്ന സിബി മലയില്‍ ഒരുക്കിയ ‘സദയം’ കണ്ട് കരയാത്ത മലയാളികള്‍ ഉണ്ടാവില്ല.
മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി (നിര്‍മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). ‘കടവ്’ സിംഗപ്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രി ബഹുമതിയും നേടി. ജക്കാര്‍ത്തയിലെ സിട്ര അവാര്‍ഡ് ആണ് മറ്റൊരു നേട്ടം. കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഫിലിം ഫെയര്‍, സിനിമാ എക്‌സ്പ്രസ് അവാര്‍ഡുകളും ലഭിച്ചു.
അതേസമയം, ‘രണ്ടാമൂഴം’ ആണ് എംടിയുടെ എക്കാലത്തെയും മാസ്റ്റര്‍ ക്ലാസായി അറിയപ്പെടുന്ന നോവല്‍. മഹാഭാരത കഥയിലെ ഭീമന് നായകവേഷം കല്‍പ്പിച്ച് മഹാഭാരതത്തിന് എംടി നല്‍കിയ ഒരു പുനരാഖ്യാനം ആയിരുന്നു രണ്ടാമൂഴം. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സിനിമ എടുക്കാന്‍ ഒരുങ്ങിയെങ്കിലും അത് മുടങ്ങി. ‘മനോരഥങ്ങള്‍’ ആണ് എംടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എംടിയുടെ 9 ചെറുകഥകളെ അവതരിപ്പിച്ച 9 ചിത്രങ്ങള്‍ ചേര്‍ന്ന ആന്തോളജി സിനിമയാണ് മനോരഥങ്ങള്‍. മലയാളക്കരയുടെ നന്മയും നവോന്മേഷവും വിളിച്ചോതിയ സാഹിത്യകാരന്റെ കഥകളും കഥാപാത്രങ്ങളും, ഭാഷയും സാഹിത്യവും ഉള്ളിടത്തോളം നിലനില്‍ക്കും.