ഭ്രമയുഗം ട്രെന്‍ഡ് പിടിച്ച് ദുല്‍ഖര്‍ ചിത്രവും! 'കാന്താ'യും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍? പ്രതികരിച്ച് സംവിധായകന്‍

ഇരുട്ട് എന്നും പേടിപ്പിക്കുന്നത് അതിന്റെ കറുപ്പ് നിറം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരു ഹൊറര്‍ പടത്തിന്റെ ഏറ്റവും നല്ല മീഡിയം ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ‘ഭ്രമയുഗം’ തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്താ’യും ചര്‍ച്ചകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഒരു ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ആണ് കാന്തയുടെ പോസ്റ്റര്‍ എത്തിയത്. സെല്‍വമണി സെല്‍വരാജ് ആണ് ഹൊറര്‍ ത്രില്ലറായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഭ്രമയുഗം ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ദുല്‍ഖര്‍ ചിത്രവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണോ ഒരുങ്ങുന്നത് എന്ന സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ടൈറ്റില്‍ പോസ്റ്റര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതു കൊണ്ട് തന്നെ ഭ്രമയുഗം ട്രെന്‍ഡ് പിടിച്ചാണ് കാന്തയും എത്തുന്നത് എന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വമണി ഇപ്പോള്‍. കാന്തയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ല എന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ സിനിമയെ കുറിച്ച് മറ്റൊന്നും വ്യക്തമാക്കിയിട്ടില്ല. ദുല്‍ഖറിന് വേണ്ടി കാത്തിരിക്കുകയാണെന്നും മണിരത്‌നം ചിത്രം ‘തഗ് ലൈഫി’ന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ കാന്താ ആരംഭിക്കുമെന്നും സെല്‍വമണി സെല്‍വരാജ് ഒ.ടി.ടി പ്ലേയോട് പ്രതികരിച്ചു.

Rana Daggubati on X: "Ever so rarely, we find a story that consumes us and reminds us of the power of good cinema. #Kaantha is the project that brought us together, and

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കാന്താ. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസും റാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ലൈഫ് ഓഫ് പൈ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സെല്‍വമണി സെല്‍വരാജും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്.

അതേസമയം, മലയാളത്തിന് പുറമെ തെലുങ്കിലും ബോളിവുഡിലും ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. 2021ല്‍ ‘കുറുപ്പി’ലൂടെ മലയാളത്തിന് സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ദുല്‍ഖര്‍ പിന്നീട് 2022ല്‍ ‘സീതാരാമ’ത്തിലൂടെ തെലുങ്കിലും ‘ഛുപ്’ എന്ന സിനിമയിലൂടെ ബോളിവുഡിലും തരംഗം സൃഷ്ടിച്ചിരുന്നു. മൂന്ന് ഭാഷകളിലും ഹിറ്റ് അടിച്ച പാന്‍ ഇന്ത്യന്‍ താരത്തിന്റെ സിനിമകള്‍ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മാത്രമല്ല, ഒ.ടി.ടി സ്ട്രീമിംഗിന് ശേഷവും അധികം ചര്‍ച്ചയായില്ല. മണിരത്‌നത്തിന്റെ ‘തഗ് ലൈഫ്’ കൂടാതെ ‘ലക്കി ഭാസ്‌കര്‍’ ആണ് ദുല്‍ഖറിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. ഈ വര്‍ഷം ഫെബ്രുവരി ആദ്യമാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ഇത് കൂടാതെ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു ചിത്രത്തില്‍ കൂടി ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.

Read more