സംവിധായകനായിപ്പോയത് കൊണ്ട് കോടതിയെ വിവാഹം ചെയ്ത അവസ്ഥ; ഡോക്യുമെന്ററി വിവാദത്തില്‍ ആനന്ദ് പട് വര്‍ദ്ധന്‍

സമൂഹത്തിലെ സത്യങ്ങള്‍ വിളിച്ച് പറയുന്ന സിനിമകളുടെ സംവിധായകനായതിനാല്‍ കോടതിയെ വിവാഹം കഴിച്ച അവസ്ഥയാണെന്ന് ആനന്ദ് പട് വര്‍ദ്ധന്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാകും. ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം കോടതികളില്‍ കയറിയിറങ്ങാനാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി താന്‍ നേടിയത് ഒറ്റയ്ക്കാണെന്നും എന്നാല്‍ വിവേക് വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ഒപ്പം നിന്ന് പോരാടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വവാദികളുടെ ആക്രമണത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിയായ വിവേകിന് കേന്ദ്രസര്‍ക്കാര്‍ സെന്‍സര്‍ ഇളവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സംവിധായകന്‍ കോടതിയെ സമീപിച്ചത്.

നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്കുള്ള പങ്ക്, മുംബൈ സ്‌ഫോടനം, ആള്‍കൂട്ട കൊലപാതകങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്.