മെട്രോയുടെ ആ 'ശബ്ദം' നിലച്ചു; നടി അപര്‍ണ അന്തരിച്ചു

നടിയും ടെലിവിഷന്‍ അവതാരകയുമായ അപര്‍ണ വസ്താരെ (57) അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ആയായിരുന്നു അപര്‍ണ വസ്തരെയുടെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്വാസകോശ അര്‍ബുദവുമായി മല്ലിടുകയായിരുന്നു അപര്‍ണ എന്ന് ഭര്‍ത്താവ് നാഗരാജ് വസ്തരെ അറിയിച്ചു.

ബെംഗളുരു മെട്രോയില്‍ 2014 മുതല്‍ കന്നഡ അനൗണ്‍സര്‍ ആയിരുന്നു അപര്‍ണ. 1984ല്‍ ആണ് അപര്‍ണ അഭിനയരംഗത്തേക്ക് എത്തുന്നത്. പുട്ടണ്ണ കനഗലിന്റെ ‘മസനട ഹൂവാ’യിരുന്നു ആദ്യ ചിത്രം. കന്നഡ ടെലിവിഷന്‍ പരിപാടികളിലെ ജനപ്രിയ മുഖമായിരുന്നു അപര്‍ണയുടേത്.

എഐആര്‍ എഫ്എം റെയിന്‍ബോയുടെ ആദ്യ അവതാരകയായിരുന്നു. 1990കളില്‍ ഡി ഡി ചന്ദനയില്‍ സംപ്രേഷണം ചെയ്ത വിവിധ ഷോകള്‍ അവതരിപ്പിക്കുകയും നിരവധി പൊതു ചടങ്ങുകളുടെ പ്രോഗ്രാം അവതാരകയുമായിരുന്നു.

ടെലിവിഷന്‍ ചാനലുകളിലെ മൂടല മാനെ, മുക്ത തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. 2013ല്‍ കന്നഡ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായിയായിരുന്നു. കന്നഡ എഴുത്തുകാരനും ആര്‍ക്കിടെക്ടുമായ നാഗരാജ് വസ്തരെ ഭര്‍ത്താവ്.