അബ്രാം ഖുറേഷിക്ക് വില്ലനായി അർജുൻ ദാസ്; 'എമ്പുരാൻ' പുത്തൻ അപ്ഡേറ്റ്

മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫറിന്’ ശേഷം വരുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങീ ലൂസിഫറിൽ ഇല്ലാത്ത പല താരങ്ങളും എമ്പുരാനിൽ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ തമിഴ് യുവതാരം അർജുൻ ദാസും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ വില്ലനായാണോ അർജുൻ ദാസ് എത്തുന്നതെന്നാണ് പ്രേക്ഷകർ ഇപ്പോൾ നോക്കുന്നത്.

സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.