ഇതാ ആ പഴയ മഞ്ജു; മണിക്കൂറുകള്‍ കൊണ്ട് ആറ് ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാരുമായി അസുരനിലെ ഗാനം

മഞ്ജു വാര്യറുടെ ആദ്യ തമിഴ് ചിത്രമായ അസുരനിലെ ഗാനം റിലീസ് ചെയ്തു. “യെന്‍ മിനുക്കി…” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജി.വി പ്രകാശ് ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് തേജയ് അരുണാചലവും ചിന്‍മയിയും ചേര്‍ന്നാണ്. ഏക്‌നാഥിന്റേതാണ് വരികള്‍. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് ആറര ലക്ഷത്തോളം കാഴ്ച്ചക്കാരായിട്ടുണ്ട്.

വെട്രിമാരന്‍- ധനുഷ് ഹിറ്റ് കുട്ടുകെട്ടിന്റെ ചിത്രമാണ് അസുരന്‍. “പൊല്ലാതവന്‍”, “ആടുകളം”, “വടചെന്നൈ” എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് അസുരന്‍. “വെക്കൈ” എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് “അസുരന്‍”. ചിത്രത്തില്‍ ഇരട്ട വേഷമാണ് ധനുഷ് കൈകാര്യം ചെയ്യുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് ചിത്രത്തില്‍ വേഷമിടും. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.

Read more

വിജയ് സേതുപതി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരും വേഷമിടുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശാണ്. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.