പ്രഭാസിനായി 'ബാഗമതി'യുടെ പ്രത്യേക സ്‌ക്രീനിങ്

ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തോടെ അനുഷ്‌ക- പ്രഭാസ് ജോഡി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയതാണ്. ഇരുവരും പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹിതരാകുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അത് നിഷേധിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

നിലവില്‍ തന്റെ പുതിയ ചിത്രം സാഹോയുടെ ചിത്രീകരണത്തിലാണ് പ്രഭാസ്. എന്നാല്‍ താരത്തിനു വേണ്ടി അണിയറപ്രവര്‍ത്തകര്‍ ബാഗമതിയുടെ പ്രത്യേക സ്‌ക്രീനിങ് സംഘടിപ്പിക്കുന്നതായി ഇന്ത്യാ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറച്ചു ദിവസത്തേയ്ക്ക് സാഹോയുടെ ഷൂട്ടിങില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് നടന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും ചിത്രം കണ്ടശേഷമുള്ള പ്രഭാസിന്റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

മുമ്പ് ബാഗമതിയുടെ സെറ്റില്‍ മുഖം മറച്ചെത്തിയ പ്രഭാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുഷ്‌കയെ കാണാനാണ് താരം സെറ്റിലെത്തിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതേ വരെ ഇക്കാര്യത്തെപ്പറ്റി സംസാരിയ്ക്കാന്‍ തയ്യാറായിട്ടില്ല. അശോകിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ബാഗമതിയില്‍ അനുഷ്‌കയ്ക്കു പുറമേ മലയാള താരങ്ങളായ ജയറാം, ആശാ ശരത്, ഉണ്ണിമുകുന്ദന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.