ലാല്‍ ജോസ് ആണ് എന്നെ ആദ്യം സമീപിച്ചത്, ഞങ്ങള്‍ ഒരു സമ്മതത്തില്‍ എത്തിയിരുന്നു.. എന്നാല്‍ പിന്നെ അത് ബ്ലെസിക്ക് കൈമാറി: ബെന്യാമിന്‍

‘ആടുജീവിതം’ എന്ന ജനപ്രിയ നോവല്‍ വെള്ളിത്തിരയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസില്‍ നിലകൊള്ളുന്നതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകന്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. 10-16 വര്‍ഷത്തോളം ഈയൊരു സിനിമയ്ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുകയായിരുന്നു സംവിധായകന്‍ ബ്ലെസി.

ഗംഭീര സിനിമകള്‍ ഒരുക്കി മലയാള സിനിമയുടെ മുഖ്യധാരയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ആടുജീവിതം സിനിമയാക്കാന്‍ വേണ്ടി 10 വര്‍ഷത്തോളം ബ്ലെസി ചിലവവിച്ചത്. എന്നാല്‍ ബ്ലെസിക്ക് മുമ്പ് ആടുജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയത് മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ ആയിരുന്നു.

സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു നോവല്‍ സിനിമ ആക്കാനായി ആദ്യം ബെന്യാമിനെ സമീപിച്ചത്. സിനിമ ബ്ലെസിയിലേക്ക് എത്താനുള്ള കാരണം പുസ്തകത്തിന്റെ അവതാരകയില്‍ ബെന്യാമിന്‍ കുറിച്ചിട്ടുണ്ട്. ”ഈ പുസ്തകം വന്ന് അധികം കഴിയും മുമ്പ് ഒരു ദിവസം പ്രമുഖ സംവിധായകനായ ലാല്‍ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകള്‍ നടത്തിയിരുന്നു.”

”ഞങ്ങള്‍ തമ്മില്‍ ഏതാണ്ട് ഒരു സമ്മതത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു അറബിക്കഥ ചെയ്യാന്‍ അദ്ദേഹത്തിന് പ്രശ്നമുണ്ടായിരുന്നു. എന്നാലും എന്നെങ്കിലും ഒരിക്കല്‍ ചെയ്യാം എന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു. അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്.”

”ആദ്യ വിളിയിലും പിന്നത്തെ കൂടിക്കാഴ്ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാ സാധ്യതകളെ കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതു പോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.”

”വെറുതെ ഒരു സിനിമ ചെയ്യുകയല്ല, അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു. അതുകൊണ്ടു തന്നെ മറ്റൊരു ആലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാന്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് കൈമാറുകയാണുണ്ടായത്.”

”മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂര്‍ണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യില്‍ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്” എന്നാണ് ബെന്യാമിന്‍ കുറിച്ചത്.

Read more