ദേശീയ പുരസ്‌കാര നിറവില്‍ 'ബിരിയാണി'; ദയവായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യൂ എന്ന് സോഷ്യല്‍ മീഡിയ

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ “ബിരിയാണി” ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതിയാണ് നായിക. എന്നാല്‍ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളാണ് യൂട്യൂബില്‍ ട്രെയ്‌ലറിന് താഴെ എത്തുന്നത്.

“”ദയവായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യൂ, തിയേറ്ററില്‍ എത്തുമ്പോള്‍ മതവികാരം വ്രണപ്പെട്ടു എന്നാകും””, “”ഒ.ടി.ടി റിലീസ് എന്നാകും? സെന്‍സര്‍ ചെയ്യാത്ത യഥാര്‍ത്ഥ സിനിമയാണ് കാണേണ്ടത്”” എന്നിങ്ങനെയുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. മാര്‍ച്ച് 26ന് ആണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശമാണ് ബിരിയാണിക്ക് ലഭിച്ചത്. അവാര്‍ഡ് കിട്ടിയതിന് ശേഷം അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളും ട്രെയ്‌ലറിന് ലഭിക്കുന്നുണ്ട്. അതേസമയം, അവാര്‍ഡ് കിട്ടി എന്നതു കൊണ്ട് അവാര്‍ഡ് സിനിമയായി കാണരുത് എന്നാണ് സംവിധായകന്‍ സജിന്‍ ബാബു പ്രതികരിക്കുന്നത്.

അമ്പതിലേറെ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരം നേടിയിട്ടുണ്ട്. അതൊക്കെയാണ് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ധൈര്യം നല്‍കുന്നത്. അതുകൊണ്ടാണ് ഈ സമയത്തും ബുദ്ധിമുട്ടിയാണെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലെ സ്ത്രീകളെന്നല്ല ലോകത്തെവിടെയുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ് ചിത്രം പറയുന്നതും അതുമായി പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാനാവുന്നും എന്നതാണ് ബിരിയാണിയുടെ വിജയമെന്നും സജിന്‍ പറയുന്നു.

Read more

മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. കനി കുസൃതിക്ക് ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചിരുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതി മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയത്. സംസ്ഥന ചലച്ചിത്ര അവാര്‍ഡും താരം നേടി.