ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

‘ആടുജീവിതം’ സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികള്‍ കാരണമാണെന്ന് സംവിധായകന്‍ ബ്ലെസി. മസ്‌കറ്റിലെ ഒമാന്‍ ഫിലിം സൊസെറ്റിയില്‍ മാധ്യമങ്ങളോട് സംവദിക്കവെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ചിലര്‍ മുന്‍ കൈയെടുത്ത് ഒമാനിലെ ഷൂട്ടിംഗ് തടഞ്ഞു എന്നാണ് ബ്ലെസി പറയുന്നത്.

സിനിമ പ്രദര്‍ശനത്തിന് അനുമതി തടയാനുള്ള കാരണമായി പറഞ്ഞത് സിനിമയ്ക്ക് ആധാരമായ പുസ്തകം നിരോധിച്ചത് കൊണ്ടാണ് എന്നായിരുന്നു. സൗദിയും കുവൈത്തും മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടന്‍ റിലീസ് ചെയ്യും എന്നാണ് ബ്ലെസി പറയുന്നത്.

അതേസമയം, ആടുജീവിതം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് 10ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബില്‍ സ്ഥാനം പിടിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാനും റസൂല്‍ പൂക്കുട്ടിയുമാണ് സംഗീതവും ശബ്ദമിശ്രണവും നിര്‍വ്വഹിച്ചത്.

അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. അതേസമയം, നാല് മാസത്തിനിടെ മലയാളം സിനിമ 900 കോടി രൂപയോളം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more