പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

പിവി അന്‍വര്‍ എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍ ഡിഎംകെ മുതല്‍ സമാജ്‌വാദി പാര്‍ട്ടി വരെയുള്ള പ്രാദേശിക-ദേശീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടിയത്.

എല്‍ഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ആരംഭിച്ച പാര്‍ട്ടി ആയിരുന്നു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്‍വര്‍ നടത്തിയ ചര്‍ച്ചകളെല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read more

അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവര്‍ത്തനത്തിനായുള്ള പി വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
പാര്‍ട്ടിയില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു.