ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസ്; ഒരു തവണയും കോടതിയില്‍ ഹാജരായില്ല, നടന്‍ വിശാലിന് 500 രൂപയുടെ പിഴശിക്ഷ

ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതിരുന്ന നടന്‍ വിശാലിന് കോടതിയുടെ പിഴശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് 500 രൂപ പിഴ വിശാലിന് ചുമത്തിയത്. 2016ലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ വിശാലിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടിയോളം രൂപ നികുതി അടച്ചിട്ടില്ലെന്നതിന്റെ രേഖകള്‍ കണ്ടെത്തിയത്

ജി.എസ്.ടി അടക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകാന്‍ നടന്‍ വിശാലിന് അധികൃതര്‍ 10 തവണ സമന്‍സ് അയച്ചിരുന്നു. ഒരു തവണയും നടന്‍ കോടതിയില്‍ ഹാജരായിട്ടില്ല. തുടര്‍ന്നാണ് ആദായനികുതി വകുപ്പ് ചെന്നൈ എഗ്മോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

പിന്നാലെയാണ് കേസില്‍ ഹാജരാകാതിരുന്ന വിശാലിന് 500 രൂപ പിഴ ചുമത്തി ചെന്നൈ എഗ്മോര്‍ കോടതി ഉത്തരവിട്ടത്. വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായനികുതി ഇനത്തില്‍ പണം പിടിച്ചെങ്കിലും അത് ആദായനികുതി വകുപ്പില്‍ അടച്ചിരുന്നില്ല.

അഞ്ച് വര്‍ഷത്തോളം ഇത്തരത്തില്‍ ജീവനക്കാരില്‍ നിന്ന് കമ്പനി പണം പിടിച്ചിരുന്നു. തുടര്‍ന്ന് ആദായനികുതി നടത്തിയ പരിശോധനയിലാണ് വിശാല്‍ നികുതിയടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.