നടന്‍ ജയസൂര്യക്ക് സമന്‍സ്

ചിലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് കോടതി. 6 വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിജിലന്‍സ് കഴിഞ്ഞ 18ന് ആണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബര്‍ 29ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

കൊച്ചി കോര്‍പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ മുന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ കെ.പി രാമചന്ദ്രന്‍ നായര്‍, മുന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജി ഗിരിജ ദേവി, ജയസൂര്യ, എന്‍ജിനീയര്‍ എന്‍.എം ജോര്‍ജ് എന്നിവരാണ് ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.

കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വേയര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്നു പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് പങ്കില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 6 വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതോടെയാണ് കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചത്.