മഹാരാഷ്ട്രയില്‍ 235 സീറ്റുമായി വമ്പന്‍ തുടര്‍ഭരണം നേടിയെടുത്ത മഹായുതിയില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് അറുതിയായില്ല. അട്ടിമറി വിജയവുമായി ഒന്നാം സ്ഥാനത്ത് എത്തിയ ബിജെപിയാകട്ടെ മുന്നണി സമവാക്യങ്ങളെ കവച്ചുവെയ്ക്കുന്ന ഏകപക്ഷീയ ജയമാണ് മഹാരാഷ്ട്രയില്‍ നേടിയത്. ഒത്തുതീര്‍പ്പ് ഫോര്‍മുലയായി നേരത്തെ മുഖ്യമന്ത്രി സ്ഥാനം ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേയ്ക് നല്‍കിയ ബിജെപിയ്ക്ക് പക്ഷേ ഒറ്റയ്ക്ക് ഭരണം കയ്യാളാന്‍ കേവലഭൂരപിക്ഷത്തിന് 13 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ ഇനിയൊരു വിട്ടുവീഴ്ചയ്ക്ക് നില്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ ശിവസേന പിളര്‍ത്തി ബിജെപിയ്ക്ക് ഒപ്പം വന്ന ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് എന്നാല്‍ മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലെങ്കിലും കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് എത്തില്ലെന്ന് ഉറപ്പാണ്. റിസല്‍ട്ട് വന്നതിന് ശേഷം മൂന്നാം ദിനമായ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ഷിന്‍ഡെ കാവല്‍ മുഖ്യമന്ത്രിയായി തുടരുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശ വാദത്തിലാണ്.
132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പണ്ട് രാജിവെച്ച് ഒഴിയേണ്ടിവന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി മഹാരാഷ്ട്ര ബിജെപി ശക്തമായി മുന്നിലുണ്ട്. മുന്‍ സര്‍ക്കാരില്‍ തന്ത്രപരമായി ഉപമുഖ്യമന്ത്രി പദത്തില്‍ തൃപ്തിപ്പെടേണ്ടി വന്ന ഫഡ്‌നാവിസിനെ തങ്ങള്‍ ശക്തരായ സമയത്ത് മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരണമെന്നാണ് അണികളുടെ ആവശ്യം. എന്നാല്‍ ഷിന്‍ഡെ ക്യാമ്പാകട്ടെ ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സമ്മര്‍ദ്ദ തന്ത്രത്തിലാണ്. യഥാര്‍ത്ഥ ശിവസേനയെ രണ്ടായി വിഭജിക്കുകയും ഭൂരിപക്ഷം എം.എല്‍.എമാരെയും കൂട്ടി ബി.ജെ.പിയുമായി കൈകോര്‍ക്കുകയും ചെയ്ത ഷിന്‍ഡെയ്ക്ക് രണ്ടര വര്‍ഷത്തിലേറെക്കാലം മുഖ്യമന്ത്രി സ്ഥാനം ബിജെപി സമ്മാനിച്ചിരുന്നു. 14ാമത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുകയും നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ രാജിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കാകും മുഖ്യമന്ത്രി സ്ഥാനം എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അന്തിമ തീരുമാനമെടുത്തിട്ടില്ല.
ആര്‍ക്കാണ് പദവി നല്‍കുകയെന്ന് ബിജെപി നേതൃത്വം ആലോചിക്കുമ്പോള്‍ സമ്മര്‍ദ്ദ തന്ത്രത്തിലേക്ക് കടന്നിട്ടുണ്ട് ഷിന്‍ഡെ ക്യാമ്പ്. ശക്തിപ്രകടനമെന്ന നിലയില്‍ ഏകനാഥ് ഷിന്‍ഡെയുടെ ഔദ്യോഗിക ബംഗ്ലാവായ വര്‍ഷയ്ക്ക് പുറത്ത് ഒരു കൂട്ടം സേന നേതാക്കള്‍ ഒത്തുകൂടാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഷിന്‍ഡെ ഇടപെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അത്തരം നടപടി പാടില്ലെന്ന് ആവശ്യപ്പെട്ടതും പോസ്റ്റിട്ട് ചര്‍ച്ച ചൂടുപിടിപ്പിച്ചതും മുന്നണിയിലും അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.
महायुतीच्या प्रचंड विजयानंतर राज्यात पुन्हा एकदा आपले सरकार स्थापन होणार आहे. महायुती म्हणून आपण एकत्रित निवडणूक लढवली आणि आजही एकत्रच आहोत. माझ्यावरील प्रेमापोटी काही मंडळींनी सर्वांना एकत्र जमण्याचे, मुंबईत येण्याचे आवाहन केले आहे. तुमच्या या प्रेमासाठी मी अत्यंत मनापासून ऋणी…
— Eknath Shinde – एकनाथ शिंदे (@mieknathshinde) November 25, 2024
Read more
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ഫഡ്നാവിസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ശിവസേനയുടെ സമ്മര്‍ദ്ദമെല്ലാം തീയില്‍ വെള്ളമൊഴിച്ചത് പോലെയാണ്. ബിജെപിക്ക് 132, സേനയ്ക്ക് 57, എന്‍സിപിക്ക് 41 എന്നതാണ് മഹായുതിയിലെ സീറ്റ് നില. അതായത് 288 അംഗ നിയമസഭയില്‍ 145 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ബിജെപിക്ക് രണ്ട് സഖ്യകക്ഷികളില്‍ ഒരാളെ മാത്രമേ ആവശ്യമുള്ളൂ. ഇത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിന്‍ഡെയുടെ വിലപേശലുകളെ തളര്‍ത്തുന്നതാണ്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കുറച്ചുനാള്‍ പോലും കിട്ടാതിരിക്കാന്‍ കാരണമായ ഷിന്‍ഡെ ക്യാമ്പിന് ഇക്കുറി മുഖ്യമന്ത്രി സ്ഥാനം നല്‍കരുതെന്ന ഉറച്ച നിലപാടിലാണ് അജിത് പവാര്‍ ക്യാമ്പ്.