'നാട്ടില്‍ ഒരു ആര്‍.എസ്.പി യൂണിറ്റ് തന്നെ തുടങ്ങാം ഇത് കൂടി നടത്തി തരണം'; ഷിബു ബേബി ജോണിനോട് സിനിമാപ്രേമി

മോഹന്‍ലാല്‍-എല്‍ജെപി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ഷിബു ബേബി ജോണിനോട് ഒരു സിനിമാപ്രേമി പറഞ്ഞ കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് പോലെ മോഹന്‍ലാല്‍ -ശ്യം പുഷ്‌കരന്‍-ദിലീഷ് പോത്തന്‍/മധു സി നാരായണ്‍, മോഹന്‍ലാല്‍-ബേസില്‍ ജോസഫ്, മോഹന്‍ലാല്‍-അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുമായുള്ള സിനിമ കൂടി നടത്തി തരുകയാണെങ്കില്‍ താന്‍ നാട്ടില്‍ ഒരു ആര്‍എസ്പി യൂണിറ്റ് തന്നെ തുടങ്ങാം എന്നാണ് രസകരമായ കമന്റ്.

നിലവില്‍ ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ഷിബു ബേബി ജോണ്‍. അതേസമയം, മോഹന്‍ലാല്‍-എല്‍ജെപി കോംമ്പോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. രാജസ്ഥാനിലാണ് ഷൂട്ടിംഗ് നടക്കുക.

Read more