വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപിച്ച് പ്രതിഷേധം. അര്‍ഹരായവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചിലരുടെ പേരുകള്‍ പട്ടികയില്‍ ആവര്‍ത്തിച്ചെന്നും ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.

ദുരന്തബാധിതരുടെ സമര സമിതിയാണ് പട്ടികയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. ഒരു വാര്‍ഡില്‍ മാത്രം നിരവധി പേരുകള്‍ ഇരട്ടിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.

പുനരധിവാസവുമായി ബന്ധപ്പെട്ട് 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. പട്ടികയിലെ 17 കുടുംബങ്ങളിലെ ആരും തന്നെ ജീവിച്ചിരിപ്പില്ല. 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവരുടെ പേരുകള്‍ നല്‍കാമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.

30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും. വീട് ഒലിച്ചു പോയവര്‍, പൂര്‍ണ്ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക.

രണ്ട് എസ്റ്റേറ്റുകളാണ് ടൗണ്‍ഷിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളാണ് പരിഗണനയിലുള്ളത്. എസ്റ്റേറ്റ് ഭൂമികള്‍ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ സ്പോണ്‍സര്‍ മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. 38 ഏജന്‍സികളാണ് വീട് നല്‍കാന്‍ സര്‍ക്കാരിനെ സമീപിച്ചത്. 1133 വീടുകളാണ് വാഗ്ദാനം.

Read more

കേന്ദ്രം സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ വരാന്‍ താല്‍പര്യം ഇല്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കുള്ള നഷ്ടപരിഹാരവും തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.