മലയാളത്തില്‍ വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ “അഞ്ചാം പാതിര” ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി എഴുത്തുകാരന്‍ ലാജോ ജോസ്. അഞ്ചാം പാതിരയിലെ പ്രസക്ത ഭാഗങ്ങള്‍ “ഹൈഡ്രേഞ്ചിയ” എന്ന തന്റെ നോവലില്‍ നിന്നും വിദഗ്ധമായി കോപ്പിയടിച്ചതാണ് എന്ന ആരോപണവുമായാണ് ലാജോ ജോസ് രംഗത്തെത്തിയിരിക്കുന്നത്.
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായി “ആറാം പാതിര” കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് എഴുത്തുകാരന്റെ പ്രതികരണം. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവെച്ച ടൈറ്റില്‍ പോസ്റ്റിന് താഴെ കമന്റായാണ് ഷാജോ കോപ്പിയടി ഉന്നയിച്ചിരിക്കുന്നത്.
“”അഞ്ചാം പാതിരയില്‍ എന്റെ നോവലുകളായ ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നിവയില്‍ നിന്നും വിദഗ്ധമായി കോപ്പിയടിച്ചു. ഇപ്രാവശ്യം ഏത് നോവലില്‍ നിന്നാണ് ചുരണ്ടിയിരിക്കുന്നത്? ഹൈഡ്രേഞ്ചിയയുടെ ബാക്കി ഭാഗങ്ങള്‍ ആണോ?അതോ പുതിയ ഇരയെ കിട്ടിയോ?”” എന്നാണ് ലാജോ ജോസിന്റെ കമന്റ്.
മിഥുന്‍ മാനുവല്‍ തോമസിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലാജോ ജോസ് ന്യൂസ് 18 മലയാളത്തോട് വ്യക്തമാക്കി. സുഹൃത്തും എഴുത്തുകാരനുമായ ബിപിന്‍ ചന്ദ്രനുമൊത്ത് ഹൈഡ്രേഞ്ചിയ സിനിമയാക്കാന്‍ ലാജോ ജോസിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തിരക്കഥയാക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് കോപ്പിയടി കണ്ടത്.
Read more
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്റെ നോവലിന്റെ ബാക്കിഭാഗം കൂടി പോവുകയാണോ എന്ന് പേടിയായി. തന്റെ കൈയില്‍ നിന്ന് ഹൈഡ്രേഞ്ചിയ പോയി. പിന്നെ വിവാദമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാണ് ആദ്യം മിണ്ടാതിരുന്നത് എന്ന് ലാജോ പറഞ്ഞു. ലാജോയുടെ നാല് നോവലുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.